കെ.എസ്.ആർ.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ ഇനിയും നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ടെന്നും മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കുമെന്നും മുന്നറിയിപ്പ്. ഡ്രൈവർക്കെതിരെ മാത്രമല്ല, അത് പരിശോധിക്കാതെ വിട്ടവർക്കെതിരെയും നടപടിയുണ്ടാകും. ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണ്. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറുടെ സ്ഥലംമാറ്റത്തിനു പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒന്നാംതീയതി ഉച്ചയ്ക്ക് എംസി റോഡില്‍ ആയൂരില്‍ വച്ചാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോയ പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞ് പരിശോധിച്ചത്. ബസിന്‍റെ മുന്‍വശത്തെ ചില്ലിനോട് ചേര്‍ന്ന് വെളളം കുടിച്ചശേഷം കുപ്പികള്‍ കൂട്ടിയിട്ടെന്നാണ് കുറ്റം. മന്ത്രി ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിച്ചത് മന്ത്രിയുടെ ഷോ ആണെന്ന വിമര്‍ശനം വ്യാപകമാണ്. ദീര്‍ഘദൂര ബസ് ആയതിനാല്‍ കുടിവെളളം ബസില്‍ വച്ചെന്ന ജീവനക്കാരുടെ വിശദീകരണം തൃപ്തികരമായില്ല. നടപടിക്കിരയായ മൂന്നുപേരും പൊന്‍കുന്നം, പാലാ പ്രദേശത്തുളളവരാണ്.
സംഭവത്തില്‍ ഡ്രൈവര്‍ ജെയ്മോൻ ജോസഫിനെ തൃശ്ശൂർ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെഎസ് സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും മെക്കാനിക് വിനോദിനെ കൊടുങ്ങല്ലൂരിലേക്കും മാറ്റിയിരുന്നു.