കോഴിക്കോട് മുക്കത്ത് കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധിച്ച് മടങ്ങവേ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. പുല്‍പ്പറമ്പ് സ്വദേശി സഫിയയ്ക്കാണ് പരുക്കേറ്റത്. പന്നി ശല്യം ഇല്ലാതാക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.
നിരന്തരം പറഞ്ഞിട്ടും കാട്ടുപന്നി ശല്യത്തില്‍ പരിഹാരമുണ്ടാകാതായതോടെയാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. ഇതില്‍ പങ്കെടുത്ത് മടങ്ങിയ വീട്ടമ്മ സഫിയയെയാണ് കാട്ടുപന്നി അക്രമിച്ചത്. കാലിനും കഴുത്തിനും പരുക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി.
രണ്ടാഴ്ചമുന്‍പ് കര്‍ഷകര്‍, ഷൂട്ടര്‍മാര്‍, കൗണ്‍സിലര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് നഗരസഭ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വാക്ക്പാ ലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ട് വന്നത്. പന്നികള്‍ നശിപ്പിച്ച കൃഷി വിളകളുമായിട്ടായിരുന്നു പ്രതിഷേധം. കാട്ടുപന്നി ശല്യം ചെറുക്കാനുള്ള ശാശ്വതപരിഹാര മാര്‍ഗം സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക കൂട്ടായ്മയുടെ തീരുമാനം.