മഹാരാഷ്ട്ര സ്വദേശിയായ നകുല്‍ രാജേന്ദ്ര ദേശ് മുഖ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു. തിരുവനന്തപുരം സിറ്റി പൊലീസില്‍ ഡി.സി.പിയായിരുന്നു. ആര്‍. ഇളങ്കോ ഹൈദരാബാദിലെ പൊലീസ് അക്കാദമിയില്‍ അധ്യാപകനായി നിയമിതനായ ഒഴിവിലാണ് നകുല്‍ രാജേന്ദ്ര ദേശ് മുഖിന്‍റെ തൃശൂരിലേയ്ക്കുള്ള വരവ്. പുതിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പറയാനുള്ളത്.
പുതിയ ഉത്തരവാദിത്വം ഗൗരവമായതാണ്. സാംസ്കാരിക തലസ്ഥാനം നല്ല വൈബ്രറന്‍റായ ഇടമാണ്. പൊലീസിന് സ്വീകാര്യതയുള്ള ജില്ല. ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ തൃശൂരില്‍ നടക്കുന്നുണ്ട്. അതില്‍ പൊലീസും ഭാഗമാകാറുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നന്നായി ജോലി ചെയ്ത ഇടമാണ്. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും തുടരും. പൊലീസിനെ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കും.
എന്തിനായിരിക്കും മുന്‍ഗണന?
മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. രാവഡാ ചന്ദ്രശേഖറും പറഞ്ഞ കാര്യങ്ങളുണ്ട് മുന്നില്‍. സ്ത്രീ സുരക്ഷ. ലഹരിവിരുദ്ധ കേസുകള്‍. അതെല്ലാം ഇവിടെയും തുടരും.
പൊലീസിനെതിരായ വാര്‍ത്തകള്‍ കൂടി വരുന്ന കാലമാണ്? തൃശൂരിലെ സഹപ്രവര്‍ത്തകരോട് എന്ത് പറയാനുണ്ട്?
തൃശൂര്‍ സിറ്റി പൊലീസ് കേരളത്തിലും ഇന്ത്യയിലുമുള്ള മറ്റു പൊലീസിന് മാതൃകയാണ്. വളരെ നന്നായി തൃശൂര്‍ സിറ്റി പൊലീസിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നുണ്ട്. അതിനിയും തുടരണം. കുന്നംകുളം കസ്റ്റഡി മര്‍ദനം പൊതുവായി കാണേണ്ടതില്ല. അത് പൊലീസിന്‍റെ മുഖമല്ല. സഹപ്രവര്‍ത്തകരെല്ലാം ഒന്നിച്ച് മുന്നേറും.
നേരത്തെ തൃശൂര്‍ സന്ദര്‍ശിച്ചുണ്ടോ?.
കേരള പൊലീസ് അക്കാദമിയില്‍ പരിശീലന കാലത്ത് തൃശൂര്‍ പൂരം കാണാന്‍ വന്നിരുന്നു. നല്ല അനുഭവമായിരുന്നു അന്ന്. ഇപ്പോള്‍ പൂരത്തിന്‍റെ മാനേജ്മെന്‍റ് വശത്താണ്. നല്ലൊരു സിസ്റ്റമുണ്ട്. അത് നന്നായി കൊണ്ടുപോകും.
കമ്മിഷണറെ എങ്ങനെ പൊതുജനത്തിനു ബന്ധപ്പെടാം?
പൊതുജനങ്ങളുമായി ആശയവിനിമയം നടത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന കാരമാണ്. നാട്ടിലെ റസിഡന്‍റ്സ് അസോസിയേഷനുകളുമായി സഹകരിക്കും.
പൂരം കലക്കല്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതിസന്ധി നേരിട്ട ഇടമാണിത്. സീനിയേഴ്സ് എന്തു പറഞ്ഞു?
തൃശൂര്‍ പൂരത്തിന് നല്ലൊരു സിസ്റ്റമുണ്ട്. അതുനിലനിര്‍ത്തി പോകാം. മാറ്റംവരുത്തേണ്ടത് ചര്‍ച്ചയിലൂടെ ചെയ്യാം.
പൊലീസ് ഉദ്യോഗസ്ഥന് പൊതുജനങ്ങളുമായുള്ള ബന്ധം എത്ര കണ്ട് ഗുണംചെയ്യും?
കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി തടയലാണ് ഏറ്റവും നല്ലത്. പൊതുജനങ്ങളുമായി നല്ലബന്ധം സ്ഥാപിക്കും.
കേരളം ഇഷ്ടപ്പെട്ടോ?
തിരുവനന്തപുരം ഡി.സി.പി ആയിരുന്നപ്പോള്‍ ഓണാഘോഷം കണ്ടു. നവരാത്രി ആഘോഷങ്ങള്‍ കണ്ടും. എല്ലാക്കൊണ്ടും കേരളം മികച്ച ഇടമാണ്.