mohanlal4-10

TOPICS COVERED

ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ . ‘അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.'  –നിറഞ്ഞ കൈയ്യടികള്‍ക്കിടെ ലാല്‍ പറഞ്ഞു. 

മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യജീവിതത്തില്‍ പലപ്പോഴും മലയാളി മോഹന്‍ലാല്‍ ആകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു

ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിക്കൊപ്പം അശ്വതി നായരായും അഭിനയിക്കാന്‍ കഴിഞ്ഞതു തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മറ്റു ഭാഷകളിലെ മുതിര്‍ന്ന അഭിനേതാക്കള്‍ പോലും നിങ്ങളുടെ ലാലേട്ടന്‍ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും അംബിക പറഞ്ഞു. 

കേരളത്തിലേക്ക് ആദ്യമായി ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് എത്തിച്ച പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിന് ആശംസ അറിയിച്ചതിനൊപ്പം 2004ല്‍ തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന ദുഃഖവും പങ്കുവച്ചു. മോഹന്‍ലാലിനെ ആദരിക്കാന്‍ മനസു കാണിച്ച സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ENGLISH SUMMARY:

Mohanlal's felicitation by the Kerala government was an emotional event for the actor. Receiving the honor in his hometown filled him with pride and gratitude for the recognition of Malayalam cinema.