ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ എവിടെയെന്നതിൽ ഒളിച്ചുകളിച്ച് ദേവസ്വം ബോർഡ്. 1998-ൽ വിജയ് മല്യ പൂശി നൽകിയ സ്വർണപ്പാളി നഷ്ടപ്പെട്ടെന്ന് ഉറപ്പായിട്ടും മറുപടി പറയാതെ അധികൃതർ. ശബരിമലയിൽനിന്ന് നൽകിയത് ചെമ്പ് പാളിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വർണം പൂശാൻ കൊണ്ടുവന്നത് ചെമ്പ് പാളിയാണെന്ന് സ്വർണം പൂശിയ സ്ഥാപനവും വ്യക്തമാക്കി.
സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പുകൾക്കപ്പുറം സർക്കാർ ഉത്തരം പറയേണ്ട ചോദ്യത്തിലേക്ക് വിരൽചൂണ്ടുകയാണ് മനോരമ ന്യൂസ് ഇന്ന് പുറത്തുവിട്ട നിർണായക പ്രതികരണങ്ങൾ. 1998-ൽ ദ്വാരപാലക ശിൽപ്പത്തിനടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞു നൽകിയെന്നാണ് വിശ്വാസികൾ കരുതിയിരുന്നത്. പിന്നീട് 21 വർഷങ്ങൾക്കിപ്പുറം 2019 ജൂലൈ 5-ന് ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലാണ് ദ്വാരപാലക ശിൽപ്പത്തിലേത് ചെമ്പ് പാളിയെന്ന് ആദ്യമായി പറയുന്നത്. ആ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാളികൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയും സഹ സ്പോൺസർമാരും അവർക്ക് കിട്ടിയത് ചെമ്പെന്ന് പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാനായി പാളിയെത്തിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവും അത് ചെമ്പ് തന്നെയെന്ന് ഉറപ്പിക്കുന്നു.
ഇതോടെ ഇനി ഉത്തരം പറയേണ്ടത് സർക്കാരാണ്. 1998-ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പത്തിന് സ്വർണം പൂശിയിരുന്നോ? പൂശിയെങ്കിൽ പിന്നീട് എങ്ങനെ അത് ചെമ്പായി മാറി? ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് ചെമ്പ് പാളിയോ? എങ്കിൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി എവിടെ? ശബരിമലയിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ ദേവസ്വത്തിൻ്റെ കൈവശമുള്ള രജിസ്റ്ററുകളിൽ രേഖപ്പെടുത്തേണ്ടതാണ്. അത് പരിശോധിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ഇതിന് ഉത്തരം കണ്ടെത്തി ദുരൂഹത അവസാനിപ്പിക്കാം. പക്ഷേ, ദേവസ്വം ബോർഡും സർക്കാരും അതിന് മാത്രം മറുപടി പറയുന്നില്ല. എല്ലാം അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിയുകയാണ് വിവാദകാലത്തെ പ്രസിഡൻ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ മാത്രം പഴിചാരുന്നു നിലവിലെ പ്രസിഡൻ്റ്.