ബസിന് മുന്നില്‍ ഒഴിഞ്ഞ വെള്ളക്കുപ്പി വച്ചതിന്‍റെ പേരില്‍ ജീവനക്കാരെ പൊതുമധ്യത്തില്‍ വിളിച്ചിറക്കി ശകാരിച്ച ഗതാഗതമന്ത്രി കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍വരെ വരണം. കോടികള്‍ മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്‍ഡില്‍ ഒരു മഴ പെയ്താല്‍ വെള്ളക്കെട്ടാണ്. ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയ ടെര്‍മിനലില്‍ എന്ത് വിശ്വാസത്തിലാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കേണ്ടതെന്നും മന്ത്രി പറയണം.
വെള്ളക്കുപ്പി കണ്ടതിന് ഹാലിളകിയ ഗതാഗതമന്ത്രി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ വിസ്തരിച്ചൊന്ന് കാണണം. ഇത് ഉണ്ടാക്കിയവരെ നന്നായൊന്ന് സ്മരിക്കാതെ യാത്രക്കാരാരും ഇതുവരെ കടന്നുപോയിട്ടില്ല. പറയുന്നതിനേക്കാള്‍ ഭീകരമാണ് യഥാര്‍ഥ ചിത്രം. സൗകര്യങ്ങളില്‍ പിന്നാക്കാവസ്ഥയാണെങ്കിലും വൃത്തിഹീനമായ അന്തരീക്ഷത്തിന് ഒന്നാം സ്ഥാനമില്ലേ എന്ന് ആര്‍ക്കും ചോദിക്കാന്‍ തോന്നും. കാരണം ചെറിയൊരു മഴ പെയ്താല്‍ വെള്ളം കെട്ടികിടക്കും. അത് താണ്ടി വേണം ബസില്‍ കയറിപ്പറ്റാന്‍. ഭീമാകാരമായ തൂണുകള്‍ക്കിടയിലൂടെ ഒരു ബസ് ട്രാക്കിലിടണമെങ്കില്‍ സാധാരണ ലൈസന്‍സൊന്നും മതിയാകില്ല.
ടെര്‍മിനലിന് ബലക്ഷയമുണ്ടെന്നും 95 ശതമാനം തൂണുകളും അറ്റകുറ്റപണി നടത്തി ബലപ്പെടുത്തണമെന്നും മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ അറ്റകുറ്റപണി നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ആ റിപ്പോര്‍ട്ടും അതിനെതുടര്‍ന്നുള്ള പ്രഖ്യാപനവും ഇപ്പോള്‍ എല്ലാവരും മറന്ന മട്ടാണ്.