കാസർകോട് മരണക്കെണിയായി ദേശീയപാത അണ്ടർപാസുകൾ. വാഹനങ്ങൾ കാണാനാകുന്ന സംവിധാനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവായി. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം ഡാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ജീവൻ നഷ്ടമായത്.
ലഹരി കേസിൽ പ്രതിയെ തേടി ഇറങ്ങിയ ഡാൻസാഫ് സിപിഒ സജീഷാണ് മരിച്ചത്. പുലർച്ചെ അണ്ടർ പാസിലൂടെ വന്ന കാറിനെ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ജില്ലയിലെ ദേശീയപാത അണ്ടർ പാസുകളിൽ നിന്ന് ഭയന്നുവിറച്ചാണ് ആളുകൾ സർവീസ് റോഡിലേക്ക് വാഹനം കയറ്റുന്നത്. സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ ഒരു മാർഗ്ഗവും ഇല്ല എന്നതാണ് കാരണം. ചിലയിടങ്ങളിൽ വളവുകളിലാണ് ഇടുങ്ങിയ അണ്ടർ പാസുകൾ. റോഡിൽ വേഗ നിയന്ത്രണം മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അപകട ഭീഷണിയാണ് ഇവ സൃഷ്ടിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ അണ്ടർ പാസുകളിൽ പൊലീസ് മുൻകൈയെടുത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് തുടങ്ങിയ സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ കടന്നു പോകുന്ന അണ്ടർപാസുകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ കോൺവെക്സ് മിറർ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ് പൊലീസിന്‍റെ ബാധ്യതയായി മാറിയിരിക്കുന്നത്.