sivankutti-aided-management

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റുകളുടെ സമ്മര്‍ദത്തിന് കീഴടങ്ങില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സമരം രാഷ്ട്രീയപ്രേരിതമാണ്. സൗഹാര്‍ദപൂര്‍വമായാണ് എയ്ഡഡ് മാനേജ്മെന്‍റുകളോട് സര്‍ക്കാര്‍ പെരുമാറിയിട്ടുള്ളത്. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമലംഘനം അനുവദിക്കാന്‍ കഴിയില്ല. കൂടുതല്‍ കുട്ടികളും എയ്ഡഡ് മാനേജ്മെന്‍റുകളിലാണ് പഠിക്കുന്നത്. അവരെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്‍റുകളുടെ വെല്ലുവിളി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. അയ്യായിരത്തോളം വരുന്ന ഭിന്നശേഷി സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. എന്നാല്‍ ആയിരത്തിയഞ്ഞൂറില്‍ താഴെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തേ മതിയാകൂ. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് എയ്ഡഡ് മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതില്‍ വീഴ്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

2021ലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതും. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്മെന്‍റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. അത് ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എൻഎസ്എസ് മാനേജ്‌മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത് എന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ, നിയമനം നടത്താൻ സർക്കാരിനു സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ENGLISH SUMMARY:

Differently abled reservation in aided schools is a key focus. Minister V. Sivankutty insists aided school managements must report disability vacancies, rejecting pressure and politically motivated protests.