വയനാടിന് ലഭിച്ച കേന്ദ്ര സഹായത്തില്‍ സമ്പൂര്‍ണ നിരാശയിലും അമര്‍ഷത്തിലും സംസ്ഥാനം. 260 കോടി ഒന്നിനും തികയില്ലെന്ന് റവന്യൂ മന്ത്രിയും എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് നിഷേധാത്മക സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും വിമര്‍ശനം ഉയര്‍ത്തി. ലഭിച്ച തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
2219 കോടി സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ കിട്ടിയത് വെറും 260 കോടി. ഇതെന്തു ന്യായമെന്ന ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അതി തീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം അംഗീകരിക്കാതിരുന്നപ്പോള്‍ മുതല്‍ വയനാടിനോടുള്ള അവഗണന തുടങ്ങിയതാണെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ കേന്ദ്രം ദ്രോഹിക്കുകയാണെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ വീണ്ടും കാര്യങ്ങള്‍ ധരിപ്പിക്കുക, വിശദമായ നിവേദനം നല്‍കുക, നിയമവഴികള്‍ ആരായുക എന്നിവയാണ് സംസ്ഥാനം പരിഗണിക്കുന്നത്. വയനാടിനോടുള്ള കേന്ദ്ര അവഗണന തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മുനയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് ഭരണ–പ്രതിപക്ഷങ്ങള്‍.