അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ കാണാതായി. ശാസ്താപൂവം ഉന്നതിയിലെ രാജന്റെ മകൻ അച്ചുവിനെയാണ് (14) ഇന്ന് വൈകുന്നേരം ഏകദേശം മൂന്നു മണിയോടെ കാണാതായത്.
അതിരപ്പിള്ളി വെറ്റിലപ്പാറയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന അച്ചു, ട്രൈബൽ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. തുണി അലക്കുന്നതിനായി സമീപത്തെ തോട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കുട്ടി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ അതിനുശേഷം അച്ചുവിനെ കാണാതാവുകയായിരുന്നു.
ഗാന്ധിജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ എത്തിയിരുന്ന കുട്ടിയെ ഉച്ചയ്ക്കും കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. കാണാതായ കുട്ടിക്കായി അതിരപ്പിള്ളി പൊലീസും വനവകുപ്പും സംയുക്തമായി തിരച്ചിൽ ഊർജിതമാക്കി.