സംസ്ഥാനത്തെ വനം റേഞ്ച് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തേക്കടി,വള്ളക്കടവ് റേഞ്ച് ഓഫിസര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. കെ.ഇ. സിബി, അരുണ്‍ കെ.നായര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഏത് ഉന്നതനായാലും തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമന്യൂസിനോട് പറഞ്ഞു. തെറ്റുകാരായ ഉദ്യോഗസ്ഥരെ വകുപ്പ് സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ വനരക്ഷയെന്ന പേരില്‍ ശനിയാഴ്ച രാവിലെയാണ് വിജിലന്‍സ് സംഘം സംസ്ഥാനത്തെങ്ങും മിന്നല്‍ പരിശോധന നടത്തിയത്. ലാന്‍ഡ് എന്‍ഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേട് നടക്കുന്നുവെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച വിവരം. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായിട്ടായിരുന്നു പരിശോധന. വകുപ്പിന്‍റെ പ്രവര്‍ത്തനള്‍ അഴിമതി രഹിതമാക്കുന്നതിനും വനവിഭവങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും വനവിഭവങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായാണ് നടപടികളെന്നും വിജിലന്‍സ് വ്യക്തമാക്കി.