സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാൻ തിരിച്ചെത്തിയിരിക്കുകയാണെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. എൻ്റെ അഭാവത്തിൽ എന്നെ തിരക്കിയ എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ പോരാ, ക്യാമറാ ഈസ് കോളിങ് – അദ്ദേഹം കുറിച്ചു.
ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി എന്ന വാർത്ത എത്തിയത്. നാളെ മമ്മൂട്ടി ഹൈദരാബാദിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ എത്താനിരിക്കെ നടന്റെ പ്രശസ്ത സിനിമാ ഡയലോഗുകളും രംഗങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം രണ്ട് വട്ടമെ മമ്മൂട്ടി വീട്ടിലിരുന്നിട്ടുള്ളു. കോവിഡ് കാലത്തും പിന്നെ ഇക്കഴിഞ്ഞ ഏഴുമാസത്തെ ചികിൽസാക്കാലവും. നടന്റെ ബാക്കികാലമൊക്കെയും കഥാപാത്രങ്ങൾ കടമെടുത്തതായി. മലയാള സിനിമയുടെ ഒരു കാലം അടയാളപ്പെടുത്തിയ എത്രയെത്ര കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തത്. ബിഗ് സ്ക്രീനിന് പുറത്ത് തലമുറകളെ പ്രചോദിപ്പിക്കുന്ന സ്റ്റൈൽ ഐക്കണായി നിലകൊള്ളുമ്പോൾ പ്രായം റിവേഴ്സ് ഗിയറിലിട്ട നടൻ. അവിടെനിന്ന് വീണ്ടും പരകായപ്രവേശത്തിന്റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ കാഴ്ചകൾ. ഇടയ്ക്കൊന്ന് കിതച്ചിടത്ത് വിശ്രമിച്ച് നാളെ വീണ്ടും പുതിയ യാത്രകളിലേക്ക് മമ്മൂട്ടി എത്തുകയാണ്.