തഗ് മറുപടികളുമായി നടൻ ധ്യാൻ ശ്രീനിവാസൻ പ്രകൃതി കൃഷിയിലേക്ക് . എറണാകുളം കണ്ടനാട്ടിലെ പുന്നച്ചാൽ പാടശേഖരത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ധ്യാന്‍ വിത്തുവിതച്ചത്. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്‍റെയും ആഭിമുഖ്യത്തിലായിരുന്നു വിത്ത്മഹോത്സവം.
പത്ത് ഹെക്ടർ വരുന്ന കണ്ടനാട് ഉദയംപേരൂർ പാടശേഖരം. അതിൽ അഞ്ച് ഏക്കറിൽ ട്രയലായാണ് ധ്യാനിന്റെയും സുഹൃത്തുക്കളുടെയും പ്രകൃതി കൃഷി. മനു ഫിലിപ്പ്,സാജു കുര്യൻ,സെബാസ്റ്റ്യൻ കോട്ടൂർ, ശ്യാം ശങ്കർ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പങ്കെടുത്ത വിതമഹോൽസവം ഹൈബി ഈഡൻ എം.പി.യാണ് ഉദ്ഘാടനം ചെയ്തത്.
സാമ്പത്തിക ലാഭം പ്രതീക്ഷിച്ചല്ല കൃഷി. ആദ്യമായിട്ടാണ് വിത്തെറിയുന്നതെങ്കിലും ദിവസവും ചോറുണ്ണാറുണ്ടെന്ന് ധ്യാനിന്റെ മറുപടി. നടൻ മണികണ്ഠൻ ആചാരിയും ധ്യാനിനൊപ്പം കൃഷിയിൽ പങ്കുചേർന്നു. നടൻ ശ്രീനിവാസൻ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന പാടശേഖരത്ത് നേരത്തെ ജൈവകൃഷി നടത്തിയിരുന്നതാണ് പ്രകൃതി കൃഷിയിലേക്ക് വഴിമാറിയത്.