കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെയുണ്ടായ ഹൈടെക് കോപ്പിയടിക്ക് കാമറ വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. ഷര്‍ട്ടില്‍ ഘടിപ്പിച്ചത് ബട്ടന്‍ ക്യാമറയാണെന്നും ഇതിന് ലൈവ് സ്ട്രീമിങ് സംവിധാനമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
മൈക്രോ ഇയര്‍ഫോണ്‍ ചെവിയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് ഉത്തരങ്ങള്‍ കേട്ടതെന്നും ഫോണ്‍ ശരീരത്തില്‍ ഒളിപ്പിച്ചെന്നും കണ്ടെത്തി. ഒന്നാം പ്രതി മുഹമ്മദ് സഹദിന് കൂട്ടാളി സബീല്‍ വീട്ടിലിരുന്നാണ് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തത്. ലൈവ് സ്ട്രീമിങ്ങിന് പ്രത്യേക ആപ്പ് ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായി. നാലുതവണ ഇതേ രീതിയില്‍ കോപ്പിയടിച്ച പ്രതികള്‍ അഞ്ചാം ശ്രമത്തിലാണ് പിടിക്കപ്പെട്ടത്.
സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒന്നാംപ്രതി സഹദിനെ പിടികൂടിയത്. നേരത്തെ എഴുതിയ പരീക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് ഹൈടെക് കോപ്പിയടി പിടികൂടാന്‍ കാരണമായത്. പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആയിരുന്നു. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു.