കാസർകോട് സിപിഎം നേതാവ് കയ്യേറിയ സ്ഥലം സംരക്ഷിക്കാൻ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അശാസ്ത്രീയ വഴി നിർമ്മാണം. പാണത്തൂർ കാഞ്ഞങ്ങാട് സംസ്ഥാനപാത വികസനത്തിന്‍റെ ഭാഗമായി ബളാംതോട് ഹയർസെക്കൻഡറി സ്കൂളിലേക്കാണ് ദുർഘട പാത നിർമ്മിച്ചത്. കയ്യെത്തും ദൂരെ ഹൈടെൻഷൻ വൈദ്യുതി ലൈൻ ഉൾപ്പെടെ ഗുരുതര സാഹചര്യമാണ് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് പാത സൃഷ്ടിച്ചത്.
പാണത്തൂർ കാഞ്ഞങ്ങാട് സംസ്ഥാനപാത വികസനത്തിന്‍റെ ഭാഗമായി സ്ഥലം എടുത്തതോടെയാണ് പനത്തടിയിൽ പ്രവർത്തിക്കുന്ന ബളാംതോട് ഹയർസെക്കൻഡറി സ്കൂളിന് മുൻഭാഗത്തെ വഴി നഷ്ടമായത്. പകരം സ്കൂളിന് സമീപത്ത് മുൻപുണ്ടായിരുന്നതുപോലെ ചെരിച്ച് വഴി നിർമ്മിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ നിർമ്മാണ കമ്പനി മുൻപ് ഉണ്ടായിരുന്ന റോഡ് കൂടുതൽ നീളത്തിൽ സമീപത്തെ സിപിഎം നേതാവിന്റെ കെട്ടിടത്തിന് വഴി ലഭിക്കുന്ന രീതി നിർമ്മിച്ചു. എന്നാൽ ഈ കെട്ടിടം മൂലമാവട്ടെ വലിയ വാഹനങ്ങൾക്കോ, അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്കോ സ്കൂളിലെത്താൻ ആവില്ല. രേഖകൾ പ്രകാരം കെട്ടിടം കയ്യേറി നിർമ്മിച്ചതെന്നാണ് ആരോപണം.
വഴി സംരക്ഷിക്കാനായി നിർമ്മിച്ച ഭിത്തിക്ക് ആവട്ടെ അടിത്തറയുമില്ല. പരാതി ഉയർന്നതോടെ പുറത്തേക്ക് തള്ളിയ ഭിത്തിക്ക് അരികിൽ അപകടകരമായ രീതിയിൽ കുഴിയെടുത്ത് അശാസ്ത്രീയമായി അടിത്തറ നിർമ്മിക്കുകയാണ്. ഭിത്തിക്ക് അടിത്തറ നിർമ്മിക്കാൻ കുഴിയെടുത്തതോടെ ഇളകി നിൽക്കുന്ന പോസ്റ്റ് വലിയ അപകട ഭീഷണിയാണ്. ഒപ്പം കുട്ടികൾ ബസ് കയറാൻ നിൽക്കുന്നിടത്ത്, റാണിപുരം ടൂറിസം മേഖലയിൽ നിന്ന് ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കുന്ന ഓട നിർമ്മാണവും കരാർ കമ്പനി നടത്തിയിട്ടുണ്ട്. 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്താണ് ഈ ഗുരുതരകൾ അനാസ്ഥകൾ മുഴുവൻ.