ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടികളുടെയും ദൃശ്യങ്ങൾ പകർത്തണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് നിരീക്ഷകനായി ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ ഹൈക്കോടതി നിയമിച്ചു. ഇത്തവണ 119 പേരാണ് ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. മേൽശാന്തി തിരഞ്ഞെടുപ്പിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടികൾ.
തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകളിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേവസ്വം ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നതിനായി ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ നിയമിച്ചു. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഹെഡ് ഓഫീസിൽ നടക്കുന്ന അഭിമുഖ നടപടികൾ അദ്ദേഹം വിലയിരുത്തി റിപ്പോർട്ട് നൽകണം. അഭിമുഖത്തിന്‍റെ മാർക്ക് ഷീറ്റുകൾ ഒബ്‌സർവർ സാക്ഷ്യപ്പെടുത്തുകയും, ദേവസ്വം കമ്മീഷണർ സൂക്ഷിക്കുകയും വേണം.
തിരഞ്ഞെടുപ്പ് നടപടികളുടെ സി.ഡി, മാർക്ക് ലിസ്റ്റുകൾ, ഷോർട്ട് ലിസ്റ്റ് എന്നിവ സീൽ ചെയ്ത കവറിൽ ദേവസ്വം കമ്മീഷണർ ഒക്ടോബർ 13 ന് മുൻപ് കോടതിയിൽ ഹാജരാക്കണം. ഇവക്കൊപ്പം, ഒബ്‌സർവറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമുള്ള ഉത്തരവുകൾക്ക് വിധേയമായി മാത്രമേ നറുക്കെടുപ്പുമായി മുന്നോട്ട് പോകാവൂ. നറുക്കെടുപ്പ് സമയത്തും ഒബ്സർവർ ശബരിമലയിൽ ഉണ്ടാകണം. അഭിമുഖം മുതലുള്ള എല്ലാ നടപടികളുടെയും ദൃശ്യങ്ങൾ പകർത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഒക്ടോബർ 3, 4 തീയതികളിലാണ് മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം നടക്കുക. ആകെ ലഭിച്ച 119 അപേക്ഷകളിൽ 70 എണ്ണം ശബരിമലയിലേക്കും 49 എണ്ണം മാളികപ്പുറത്തേക്കുമാണ്. ഇതിൽ 89 അപേക്ഷകരെയാണ് അഭിമുഖത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒൿടോബർ 17നാണ് മേൽശാന്തി നറുക്കെടുപ്പ്.