ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയ ചികിത്സ തേടിയവരും അവരെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഡോക്ടർമാരുമാണ് ഒത്തുചേർന്നത്. ലിസി ഹോസ്പിറ്റലും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ 'ഹൃദയ സംഗമം' സ്നേഹത്തിന്റെയും അതിജീവനത്തിന്‍റെയും അവിസ്മരണീയ ഒത്തുചേരലായി.

ഹൃദയ താളങ്ങൾ ഒത്തുചേർന്ന്, അതിജീവനത്തിന്റെ നേർക്കാഴ്ച ഒരുക്കി ഒരു സംഗമം. ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നവർ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചു. അനുഭവങ്ങൾ വിവരിച്ചു.  സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ. കുര്യൻ ആണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഹൃദ്രോഗ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കർദാസിന് വി ജെ കുര്യൻ സമ്മാനിച്ചു. 

ഓരോ ഹൃദയദിനവും  അവസാനിക്കുന്നത്‌ മറ്റൊരു ഹൃദയ ദിന ബോധവത്കരണത്തിന്റെ തുടക്കം കുറിച്ചാണെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ഹൃദയ ​സംഗമത്തോടനുബന്ധിച്ച്  ബോധവൽക്കരണ ക്ലാസുകളും വിദഗ്ദ്ധരുമായുള്ള സംവാദവും നടന്നു. 

ENGLISH SUMMARY:

Heart health event brings together survivors and doctors. Lisie Hospital and Heart Care Foundation organized 'Hridaya Sangamam', a memorable gathering of love and survival.