കാന്‍സര്‍ രോഗിയായ പത്ത് വയസുള്ള കുട്ടിയടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി സ്വകാര്യ ബാങ്കിന്‍റെ ജപ്തി. തിരുവനന്തപുരം വിതുരയിലാണ് ആറംഗ കുടുംബത്തെ ഇറക്കി വിട്ട് സ്വകാര്യബാങ്ക് വീട് പൂട്ടി ജപ്തി ചെയ്തത്. വിതുരയ്ക്ക് അടുത്ത് കൊപ്പത്ത് താമസിക്കുന്ന സന്ദീപിന്‍റെ വീടാണ് ജപ്തി ചെയ്തത്. ഇതോടെ രോഗിയായ കുട്ടിയടക്കം ആറംഗ കുടുംബം ഉച്ച മുതല്‍ വീടിന് പുറത്തായി.
കോവിഡിന് മുന്‍പ് സന്ദീപ് 49 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കോവിഡില്‍ ബിസിനസ് തകര്‍ന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തിക്ക് കളമൊരുങ്ങിയത്. ആറ് മാസം സാവകാശം തന്നാല്‍ വീട് വിറ്റ് കടം വീട്ടാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നാണ് സന്ദീപിന്‍റെ പരാതി. ഒടുവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി പൂട്ട് അടിച്ച് തകര്‍ത്ത് വീട്ടുകാരെ ഉള്ളില്‍ കയറ്റി. ബാങ്ക് തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.