കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം- കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദിക്ക് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
അതേസമയം, കോഴിക്കോട് തോട്ടുമുക്കത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പറമ്പിലെ മരത്തിൽ ബൈക്ക് പിടിച്ചതോടെ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. അരീക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ഇരുവരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കക്കാടംപൊയിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ചൂളാട്ടിപ്പാറ പുന്നത്തു ചെറുകാംപുറത്ത് സൂരജ്, ചൂളാട്ടിപ്പാറ കരിക്കാടംപൊയില്‍ മുഹമ്മദ് ഷാനിദ് എന്നിവരാണ് മരിച്ചത്.
മലപ്പുറം തിരൂരങ്ങാടിക്കടുത്ത് തലപ്പാറ ദേശീയപാതയിൽ ഇന്നലെയുണ്ടായ അപകടത്തിലും രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. വൈലത്തൂർ സ്വദേശി സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പുത്തൻ തെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ് എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.