മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ വിശദീകരണവുമായി സംസ്കാരിക മന്ത്രി സജി ചെറിയാന്‍. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചു. കായംകുളത്ത് പൊതുചടങ്ങിലാണ് പരാമര്‍ശം.
''ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചു. അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്‍റെ അമ്മ എന്നെ ചുംബിക്കും പോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എന്‍റെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല. ഫേസ്ബുക്ക് മുതലാളികൾ എഴുതിക്കൊണ്ടിരിക്കുകയാണ്'' എന്നിങ്ങനെയാണ് സജി ചെറിയാന്‍ പറഞ്ഞത്.
ഐക്യരാഷ്ട്രസഭയിലെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിന്‍റെ രജതജൂബിലി ആഘോഷ വേളയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആദരം നടത്തിയത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ സര്‍ക്കാരിനുവേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നു മന്ത്രി സജിചെറിയാന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു.