bhutan-car

കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുമ്ഖോറിന് പിന്നാലെ വിദേശത്തു നിന്ന് കടത്തിയ നൂറിലേറെ കാറുകള്‍ പൂഴ്ത്തി ഉടമകള്‍. ഇരുനൂറിലേറെ ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയെങ്കിലും 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്. മോട്ടോര്‍ വാഹന വകുപ്പടക്കം മറ്റ് ഏജന്‍സികളുടെ സഹായത്തോടെ കാറുകള്‍ കണ്ടെത്താന്‍ കസ്റ്റംസിന്‍റെ ശ്രമം. 

Also Read: ഓപ്പറേഷന്‍ നുംഖോര്‍: വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയില്‍


നൂറ്റിയെഴുപതിലേറെ വാഹനങ്ങളാണ് ഇനിയും കണ്ടെത്താനുള്ളത്. വാഹനത്തിന്‍റെ ഉടമകളുടെ വിവരങ്ങളടക്കം കസ്റ്റംസ് നേരത്തെ ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് ഏജന്‍സികളെ സഹകരിപ്പിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. വാഹനങ്ങള്‍ വര്‍ക് ഷോപ്പുകളിലേക്കോ രഹസ്യ കേന്ദ്രങ്ങളിലേക്കോ മാറ്റിയെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒളിപ്പിച്ച ലാന്‍ഡ് ക്രൂസറാണ് കുണ്ടന്നൂരിലെ വര്‍ക് ഷോപ്പില്‍ നിന്ന് പിടികൂടിയത്. 

അസാം സ്വദേശി മാഹിന്‍റെ ഉടമസ്ഥതയിലാണ് വാഹനമെന്നായിരുന്നു രേഖകളെങ്കിലും ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ഒന്നരവര്‍ഷം മുന്‍പാണ് തനിക്ക് കാര്‍ ലഭിച്ചതെന്നാണ് മാഹിന്‍റെ മൊഴിയെങ്കിലും ദുരൂഹത ഏറെയാണ്. ആധാറിലടക്കം കൃത്രിമം കാട്ടിയതിന് പുറമെ ആര്‍സി ബുക്കിലെ എന്‍ജിന്‍ നമ്പറും വാഹനത്തിന്‍റെ നിറമടക്കമുള്ള വിവരങ്ങളും തെറ്റാണ്. ഇതൊന്നും താന്‍ അറിഞ്ഞില്ലെന്ന മാഹിന്‍റെ നിലപാട് വിശ്വസനീയമല്ല.

മാഹിന്‍ കൈമാറിയ രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. കഴിഞ ദിവസം പിടികൂടിയ വാഹനങ്ങളുടെ  ഉടമകളില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ വിവരങ്ങള്‍ തേടും. വാഹനങ്ങള്‍ പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് കസ്റ്റംസിന്‍റെ തീരുമാനം. നവരാത്രി അവധി കഴിയുന്നതോടെ ഭൂട്ടാന്‍ വാഹനകള്ളക്കടത്തില്‍ മറ്റ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഊര്‍ജിതമാകും.