പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സംവിധായകര്‍ക്ക് പരിശീലനം നല്‍കണം എന്നാവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയതിന് പിന്നാലെ മുപ്പതു പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന സർക്കാരിന് നല്‍കിയതിനെ വിമര്‍ശിച്ച് സംവിധായിക ശ്രുതി ശരണ്യത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ കുറിപ്പ് വളരെ ഗൗരവതരമായിത്തന്നെ സാംസ്കാരികവകുപ്പ് കാണുമെന്ന പ്രതീക്ഷയോടെയാണ് ഈ നേരമില്ലാ നേരത്തും ഇതെഴുതുന്നതെന്ന് അവർ കുറിച്ചു. സാംസ്കാരിക വകുപ്പു മന്ത്രിയ്ക്ക് നൽകിയിട്ടുള്ള പരാതിയുടെ പകർപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.
ഇതിൽ പറഞ്ഞിട്ടുള്ള ഞാൻ ഉൾപ്പെടെയുള്ള ഫിലംമേക്കേഴ്സ് ആകെ ഒരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളു - സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധം. അതിന് ഞങ്ങൾ കൊടുക്കേണ്ടി വരുന്നത് ഞങ്ങളുടെ മന:സ്സമാധാനത്തിൻ്റെയും, തൊഴിലിൻ്റെയും, മാനാഭിമാനങ്ങളുടെയും വിലയാണെന്നറിഞ്ഞിരുന്നെങ്കിൽ ഞങ്ങളിൽ പലരും ഒരുപക്ഷേ ഈ പണിക്കു തന്നെ പോവില്ലായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളെയും ഞങ്ങളുടെ ചിത്രങ്ങളെയും അപകീർത്തിപ്പെടുത്തുന്ന സ്വരത്തിലുള്ള ഈ പരാതിയിൽ പറയുന്ന ചില കാര്യങ്ങൾ ഇതെഴുതിയവരുടെയും സാംസ്കാരിക വകുപ്പിൻ്റെയും ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. ഇനിമേലിൽ ഞങ്ങൾക്കെതിരെ നിരുത്തരവാദപരമായി ആരെങ്കിലും ഇപ്രകാരത്തിൽ എന്തെങ്കിലുമൊക്കെ എഴുതിപ്പിടുപ്പിച്ചാൽ അവർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടോയെന്ന് ഞാനും അന്വേഷിച്ചെന്നിരിക്കും. അതുകൊണ്ട് മേലിൽ ഇത്തരം പാരതികളും പോസ്റ്റുകളും കൊണ്ട് ഇറങ്ങും മുൻപ് അടിസ്ഥാന റിസെർച്ച് എങ്കിലും നടത്തുക.
1) സർക്കാർ പദ്ധതിപ്രകാരം സിനിമ നിർമ്മിച്ച ഞാൻ ഒരു "ട്രെയ്ൻഡ് ആൻഡ് പ്രാക്ടിസിംഗ്" ഫിലിംമേക്കറാണ്. അല്ലാതെ നിങ്ങളാരോപിക്കുന്ന പോലെ പണിയറിയാതെ വലിഞ്ഞു കേറി വന്നതല്ല. ബിരുദാനന്തരബിരുദത്തിൽ സിനിമ ഐച്ഛികമായി പഠിച്ച് ഏകദേശം 18 ൽ കൂടുതൽ വർഷം സിനിമയിൽ പ്രവർത്തിച്ച പരിചയത്തിലാണ് ഞാൻ ആ പദ്ധതിക്ക് അപേക്ഷിക്കുന്നത്. പിന്നെ നിങ്ങളുടെ ഭാവുകത്വങ്ങൾക്കനുസരിച്ച് സിനമയെടുക്കാത്തവർക്കൊന്നും സിനിമയറിയില്ല എന്നു പറയാൻ ഈ ഒപ്പിട്ടവരിൽ ഫിലിംമേക്കേഴ്സ് എത്രപേരുണ്ട്?
2) ഞാൻ ഉൾപ്പെടെ പലരുടെയും സിനിമകൾ ഇൻ്റർനാഷ്ണൽ ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് കാരണം - എൻ്റെ സിനിമകൾ ആകെ പത്തിൽ താഴെ ഫെസ്റ്റിവലുകൾക്കാണ് അയച്ചിട്ടുള്ളത്. അതും സിനിമയുടെ കോപ്പി കൈപ്പറ്റി സ്വന്തം നിലയ്ക്ക് ഫെസ്റ്റിവലുകൾക്ക് അയക്കാനോ ഒരു ക്യുറേറ്ററെ സിനിമ കാണിക്കാനോ ഉള്ള അവകാശം പോലും ഞങ്ങളിൽ മിക്കവാറും ഫിലിംമേക്കേഴ്സിന് ഇല്ലായിരുന്നു. എൻ്റെ അറിവിൽ ആ ഭാഗ്യം ലഭിച്ചവർ രണ്ടു ഫിലിം മേക്കേഴ്സ് മാത്രമായിരുന്നു. അതുകൊണ്ട് ചില അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെങ്കിലും അവർക്ക് പങ്കെടുക്കാനായി. എൻ്റെ സിനിമയുടെ കോപ്പി ഇപ്പൊഴും എൻ്റെ കൈവശമില്ലെന്നതാണ് വാസ്തവം. മാത്രമല്ല, സിനിമയുടെ വിഡിയോ ലിങ്ക് കെ.എസ്.എഫ്.ഡി സിയോട് പല തവണ ആവശ്യപ്പെട്ടിട്ടും ചില ഫെസ്റ്റിവലുകൾക്ക് അയച്ചു കൊടുക്കാതിരുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്. അങ്ങിനെയൊരവസരത്തിൽ ഒരു ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുവാനുള്ള അവസരം നഷ്ടപ്പെടരുത് എന്നു കരുതി ഞാൻ സ്വന്തം നിലയ്ക്ക് വിഡിയോ ലിങ്ക് ആ ഫെസ്റ്റിവൽ ടീമിന് അയച്ചു കൊടുത്തതിൻ്റെ പേരിൽ കെ.എസ്.എഫ്.ഡി.സി. കോപിറൈറ്റ് നിയമപ്രകാരം എനിയ്ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് എന്നെ നിശബ്ദയാക്കിയിട്ടുമുണ്ട്.
ഈ കോപ്പിറൈറ്റിൽ സിനിമയുടെ റൈറ്ററായ എനിയ്ക്കും IPRS നിയമപ്രകാരം അവകാശമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതുതന്നെ ഈ അടുത്ത കാലത്തായിരുന്നു. എൻ്റെ നിശബ്ദതയെ പലരും വ്യാഖ്യാനിച്ചത് ഞാൻ കെ.എസ്.എഫ്.ഡി.സിയിൽ നിന്നും ഔദാര്യങ്ങൾ കൈപറ്റിയിട്ടാണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു. ഒരുപാട് കാലമാണ് മിണ്ടാതെ എല്ലാ അപമാനവും വേദനയും കടിച്ചുപിടിച്ച് ഒതുങ്ങിക്കൂടിയത്.
3) നാട്ടിൽ സർക്കാർ പദ്ധതികൾ എത്രയോ വരുന്നു പോവുന്നു പരാജയപ്പെടുന്നു. വേറെ ഒന്നിനെക്കുറിച്ചും പൊട്ടാത്ത നാട്ടുകാരുടെ കുരു മുഴുവൻ ഈ പദ്ധതിയെക്കുറിച്ചു മാത്രം പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇനി പഞ്ചപുച്ഛമടക്കി മിണ്ടാതെ കേട്ടുനിൽക്കില്ലെന്ന് ഇതിനാലെ അറിയിക്കുന്നു. മേലിൽ ഞങ്ങൾക്കെതിരെ ഇത്തരം നിരുത്തരവാദപരമായ എന്തെങ്കിലുമൊരു പരാതിയൊ എഴുത്തുകുത്തോ ആരെങ്കിലുമിറക്കിയാൽ ഞാൻ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുന്നതാണ്. – ശ്രുതി ശരണ്യം വ്യക്തമാക്കുന്നു.