• തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  • തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ
  • വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ചയോടെ മഴ ലഭിക്കും

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും വ്യാപകമായി മഴ കിട്ടും. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.  ‌‌‌‌

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ അവധി ബാധകമാണ്. മഴയില്‍ നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ തുടർന്നാൽ തെറ്റിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴയുണ്ടായി. ശനിയാഴ്ചയോടെ വടക്കന്‍ ജില്ലകളിലും മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത മൂന്നുമണിക്കൂറത്തേക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;  മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Kerala Rain Alert: Heavy rainfall is expected in southern and central Kerala today. A yellow alert has been issued for eight districts.