സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു.
ഷാജഹാന്‍റെ അറസ്റ്റില്‍ പൊലീസിനോട് കോടതി ചോദ്യങ്ങളുമായിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്കുണ്ടോ എന്ന് കോടതി ആരാഞ്ഞു.
കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ അറസ്റ്റുണ്ടായെന്ന് കോടതി പറഞ്ഞു. ചെങ്ങമനാട് നിന്ന് പൊലീസ് എങ്ങനെ തിരുവനന്തപുരത്തെത്തിയെന്നും ചെങ്ങമനാട് എസ്ഐക്ക് അറസ്റ്റിനുള്ള അധികാരം ആര് നല്‍കിയെന്നും എറണാകുളം സിജെഎം കോടതി ചോദിച്ചു. ഷാജഹാന്‍ തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുയാണ് എന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നലെയാണ് കെ.എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തെറ്റുചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ ചെയ്തത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അടിസ്ഥാന രഹിതമായ വകുപ്പുകള്‍ ചുമത്തി. ഭരണകൂടം എന്നെയും കുടുംബത്തെയും സമര്‍ദത്തിലാക്കുന്നു. ഇരകള്‍ക്കുവേണ്ടി സംസാരിക്കുന്ന ആളാണ് ഞാനെന്നും ഷാജഹാന്‍ പറഞ്ഞു.