സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിക്കും കസ്റ്റംസിനും എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. കമ്മീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു
സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയെയും സ്പീക്കറെയും കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ.മോഹനനെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചെങ്കിലും കമ്മീഷന്റെ പ്രവർത്തനം ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ് ' ഡിവിഷൻ ബെഞ്ച് തള്ളിയത്. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമായിരുന്നു ജുഡീഷൻ കമ്മീഷന്റെ നിയമനം. എന്നാൽ ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഇ.ഡി വാദം. ഈ വാദം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും, സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതാണ് ഇന്ന് ജസ്റ്റിസുമാരായ എസ്.എ.ധര്‍മാധികാരി, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ശരിവച്ചത്.
ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നായിരുന്നു ഇഡി വാദം. കമ്മീഷന് നിയമപരമായി സാധുതയില്ലെന്നും, സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇഡിയുടെ വാദിച്ചിരുന്നു.