വയനാട് ചൂരൽമല- മുണ്ടക്കൈ ദുരിതബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പിൽ അനർഹരെ ഉൾപ്പെടുത്തിയതിൽ അന്വേഷണത്തിന് വിജിലൻസ്. ചില റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഗുണഭോക്തൃ പട്ടിക അട്ടിമറിച്ചെന്ന പരാതിയിൽ ഉൾപ്പെടെ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ദുരന്തബാധിതർ അല്ലാത്തവരും സ്വന്തമായി വീടുള്ളവരും വരെ ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ 49 പേരുടെ പട്ടികയിലും അനർഹർ കടന്നുകൂടിയിട്ടുണ്ട്. അർഹതപ്പെട്ട 88 കുടുംബങ്ങളെ വെട്ടിമാറ്റിയെന്നും ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് എടുക്കുന്നതിലേക്ക് വിജിലൻസ് കടന്നിട്ടില്ല.
മാസബത്തയായ ഒൻപതിനായിരം രൂപ നൽകുന്നതിലും അർഹതയില്ലാത്തവർ കടന്നുകൂടിയെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയപ്രേരിതമായി റവന്യൂ ഉദ്യോഗസ്ഥർ ഇടപെടുന്നതിന്‍റെ തെളിവുകളാണ് വിജിലൻസിന് കൈമാറിയിരിക്കുന്നത്.