മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ ടോൾപിരിവ് നിരോധനം ഹൈക്കോടതി നീട്ടി. അടിപ്പാത നിർമാണം നടക്കുന്ന മേഖലകളിൽ യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ എവിടെയും സംഭവിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾപ്പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ന് വിഷയം പരിഗണിച്ചപ്പോൾ മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ എവിടെയും സംഭവിക്കാം എന്നും, അതിനാൽ ഗൗരവത്തോടെ കാണണം എന്നുമായിരുന്നു ജില്ലാ കലക്ടർ അറിയിച്ചത്. അടിപ്പാത നിർമ്മാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ട്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ കുഴികളുണ്ടെന്നും, ഇവിടങ്ങളിൽ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. ആമ്പല്ലൂരിലും, മുരിങ്ങൂരിലും ഇന്നലെയും ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നെന്നും കലക്ടർ അറിയിച്ചു.
വലിയ നിർമാണങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള ഗതാഗത തടസങ്ങൾ പതിവാണെന്നും, റോഡ് ഗതാഗത യോഗ്യമാണോ എന്നാണ് പരിശോധിക്കേണ്ടതെന്നും ദേശീയപാത അതോറിറ്റി നിലപാടെടുത്തു. എന്നാൽ, ടോൾ പിരിവ് പുനരാരംഭിക്കാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയില്ല. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ കോടതി വിഷയം ചൊവ്വാഴ്ച്ച പരിഗണിക്കാൻ മാറ്റി. കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അന്ന് ദേശീയപാത അതോറിറ്റി അറിയിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഓഗസ്റ്റ് 6നാണ് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്.