രാഹുൽ മാങ്കൂട്ടത്തില്‍ ദുർഗന്ധമെന്ന് സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. കോൺഗ്രസ്‌ നേതാക്കൾ എന്തിനാണ് രാഹുലിനെ എഴുന്നള്ളിച്ചു നടക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു. സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞു.  കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണം.  രാഹുലിനെ ചേര്‍ത്ത് നിര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടാകും  ആ ദുര്‍ഗന്ധം. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക്  നേതൃത്വം ഒരു വിലയും നല്‍കിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു

കോൺഗ്രസ് രാഹുലിനെ ഒഴിവാക്കാത്തത്തത്  പേടി കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞു.  ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്ന ഭയമാണ്. ദുര്‍ഗന്ധമായതിനാല്‍ മുക്കുപൊത്തിവേണം അടുത്തേക്ക് പോകാന്‍. അതിനാലാണ് തടയാത്തതെന്നും കൃഷ്ണദാസ് പരിഹസിച്ചു.

കൃഷ്ണദാസിന്‍റെ വാക്കുകള്‍

ഇന്നുവരെ രാഹുല്‍ തനിക്ക് നേരെ വന്ന ആരോപണങ്ങളൊന്നും സമൂഹത്തിന് മുന്നില്‍ നിഷേധിച്ചിട്ടില്ല. അപ്പോള്‍ ആരോപണങ്ങളല്ല സംഭവിച്ചതാണെന്ന് അദ്ദേഹം തന്നെ അംഗീകരിക്കുന്നു. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിച്ച് ഇവിടെ അവതരിപ്പിക്കുന്നു. കോണ്‍ഗ്രസ് എത്രത്തോളം ജീര്‍ണിച്ചു എന്നതിന് ഉദാഹരണമാണ് അത്. രാഹുലിന്‍റെ ചര്‍മ്മബലത്തെ സമ്മതിച്ചേ പറ്റു. സാധാരണ മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ വന്നാല്‍ മനുഷ്യരെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല. 

 

കോണ്‍ഗ്രസ് പാര്‍ട്ടി അയാളെ ഒഴിവാക്കി, പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നിട്ടും എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ അയാളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്നത്. ഈ ദുര്‍ഗന്ധം കോണ്‍ഗ്രസ് ചുമലിലേറ്റി നടന്നാല്‍ ആ പാര്‍ട്ടി തന്നെയാണ് ഇല്ലാതാവുക എന്ന് അവരുടെ നേതൃത്വം എന്താണ് മനസിലാക്കാത്തത്.