കോണ്‍ഗ്രസ് നേതൃത്വം 58 ലക്ഷത്തിന്‍റെ കടബാധ്യത തീര്‍ത്തതിന് പിന്നാലെ വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം വിജയന്‍റെ കുടുംബത്തിന് വീടിന്‍റെ ആധാരം കൈമാറി ബത്തേരി അര്‍ബന്‍ ബാങ്ക്. പാര്‍ട്ടി വരുത്തിവച്ച കടം ഏറെ വൈകിയാണെങ്കിലും പാര്‍ട്ടി തീര്‍ത്തെന്നും നേരത്തെ ഇക്കാര്യം ചെയ്തിരുന്നെങ്കില്‍ രണ്ട് ജീവനുകള്‍ രക്ഷപ്പെടുമായിരുന്നെന്നും വിജയന്‍റെ മരുമകള്‍ പത്മജ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതൃത്വം എന്‍.എം.വിജയന്‍റെ കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കഴിഞ്ഞ ദിവസമാണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 58.23 ലക്ഷം രൂപ അടച്ച് പാര്‍ട്ടി ബാധ്യത തീര്‍ത്തത്. മകന്‍ വിജേഷും മരുമകള്‍ പത്മജയും ഈവനിങ് ബ്രാഞ്ചിലെത്തി വീടിന്‍റെ ആധാരം കൈപ്പറ്റി. ഏറെക്കാലം നീണ്ട വിവാദങ്ങളുടെ ഒരധ്യായം അവസാനിക്കുമ്പോള്‍ വിമര്‍ശനത്തിന്‍റെ മുനവച്ച് തന്നെയായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം.
വൈകിവന്ന ഒത്തുതീര്‍പ്പില്‍ പാര്‍ട്ടിയോട് അടുക്കുമെന്ന സൂചനകളൊന്നും കുടുംബം നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇതിനെ രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെ ആണ് തിടുക്കത്തിലുള്ള കെപിസിസി ഇടപെടല്‍.