ayyappa-sangamam-sndp-nss

TOPICS COVERED

ആചാര സംരക്ഷണത്തില്‍ സര്‍ക്കാരിനെ ശരിവച്ച് എന്‍.എസ്.എസിന് പിന്നാലെ എസ്.എന്‍.ഡി.പിയും രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായി കോണ്‍ഗ്രസും ബി.ജെ.പിയും. യുവതീപ്രവേശത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തില്‍ ആത്മാര്‍ഥതയുണ്ടെന്നാണ് സാമുദായിക നേതാക്കളുടെ പ്രതികരണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനും ശബരിമലയുടെ കാര്യത്തില്‍ ഉറച്ചനിലപാടില്ലെന്ന പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്‍.എസ്.എസ് എല്‍.ഡി.എഫിനോട് അടുക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും പമ്പയിലെ അയ്യപ്പസംഗമത്തിന് ആള് കുറവെന്ന പ്രചരണവും വ്യാപകമായതോടെ ആദ്യഘട്ടത്തില്‍ കടുത്ത പ്രതിസന്ധിയിലായത് എല്‍.ഡി.എഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായിരുന്നു. വിമര്‍ശനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുമ്പോഴാണ് ആശ്വാസ വഴിയൊരുക്കി എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും സര്‍ക്കാരിനെ പിന്തുണച്ചിരിക്കുന്നത്. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുപോലെ പ്രതിസന്ധിയിലാവുന്ന സാഹചര്യം നേതാക്കള്‍ എങ്ങനെ മറികടക്കുമെന്നതിലാണ് ആകാംഷ. പമ്പയിലെ അയ്യപ്പ സംഗമം എല്‍.ഡി.എഫിന് മേല്‍ക്കൈ നല്‍കിയെന്നതിന്‍റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തുടരുകയാണ്. ഏതെങ്കിലും വിഭാഗത്തിനൊപ്പമല്ല സകലരെയും ചേര്‍ത്തുപിടിക്കുന്നതാണ് യു.ഡി.എഫ് ശൈലിയെന്ന് പറയുകയാണ് രമേശ് ചെന്നിത്തല. 

ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് ബദല്‍ അയ്യപ്പ സംഗമം സംഘടിപ്പിച്ച് ആളെക്കൂട്ടിയെങ്കിലും പറഞ്ഞാല്‍ പഴികേള്‍ക്കേണ്ടി വരുമോ എന്ന് കരുതി ബി.ജെ.പി നേതാക്കളും ആലോചിച്ച് പ്രതികരിക്കാമെന്ന നിലപാടിലാണ്. ആളെക്കൂട്ടാന്‍ സംഗമം മറ്റൊരിടത്തെന്ന് സര്‍ക്കാര്‍ ആലോചിച്ചെങ്കിലും ശബരിമലയെക്കുറിച്ചുള്ള ചര്‍ച്ച പമ്പയില്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് ധൈര്യം കാണിച്ചെന്ന് കൂടി സാമുദായിക നേതാക്കള്‍ പറയുന്നിടത്താണ് പിണറായി സര്‍ക്കാരിന്‍റെ രാഷ്ട്രീയ മേല്‍ക്കൈ. 

ENGLISH SUMMARY:

The LDF government in Kerala has received a major boost from prominent community organizations like NSS and SNDP over the Sabarimala temple customs protection issue. The leaders of these organizations have endorsed the government's shift in stance on the entry of women, putting both the Congress and BJP on the back foot. The lack of a firm and consistent position on the matter has left these parties vulnerable. The support from NSS and SNDP comes at a crucial time, especially after widespread claims of low attendance at a recent Ayyappa Sangamam in Pampa. This development is seen as a significant political advantage for the Pinarayi-led government.