കസ്റ്റംസ് റെയ്ഡിൽ തന്റേതായി പിടിച്ചത് ഒരു വാഹനം മാത്രമെന്ന് അമിത് ചക്കാലയ്ക്കൽ. മധ്യപ്രദേശ് റജിസ്ട്രേഷനുള്ള ലാൻഡ് ക്രൂസർ മാത്രമാണ് തന്റേത്. മറ്റ് അഞ്ചു വണ്ടികൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നവയാണ്. അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചു.
തന്റെ വാഹനത്തിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. മറ്റ് അഞ്ചു വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചു. അവർക്ക് രേഖകൾ സമർപ്പിക്കാൻ 10 ദിവസം സമയം നൽകി. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചുവെന്നും അമിത് പറഞ്ഞു. രേഖകൾ പരിശോധിച്ചതിനുശേഷം വിളിപ്പിക്കും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും രാത്രി വൈകി വരെ നീണ്ട മൊഴിയെടുപ്പിനു ശേഷം അമിത് പറഞ്ഞു.
ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ തേടി ദുൽഖർ സൽമാൻ, പൃഥിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിൽ ഇന്നലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.
അതേസമയം, ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം നൽകുക. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്നും ഡിഫൻഡറും, ലാൻഡ് ക്രൂസറുമാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്. അതിനിടെ ചലച്ചിത്രതാരം അമിത് ചക്കാലക്കലിനെ ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് വിട്ടയച്ചു.