ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ചതെന്ന് സംശയിക്കുന്ന 13 കാറുകൾ മലപ്പുറത്ത് പിടിച്ചെടുത്തു. കോഴിക്കോട് മൂന്നിടങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു. ഇടപാടുകൾക്ക് പിന്നിൽ വൻമാഫിയ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ, കുറ്റിപ്പുറം, മൂർക്കനാട് എന്നിവിടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വെട്ടിച്ചിറയിലെ ഫ്ലൈ വീൽസ് യൂസ്ഡ് കാർ ഷോറൂമിലുണ്ടായിരുന്ന 13 വാഹനങ്ങൾ പിടിച്ചെടുത്തു. സ്ഥാപനത്തിലെ 70ലധികം കാറുകൾ പരിശോധിച്ചു. പിടിച്ചെടുത്ത വാഹനങ്ങളിൽ പലതും യൂസ്ഡ് കാർ ഷോറൂമിന്‍റെ യാഡിൽ സൂക്ഷിക്കാനാണ് നിർദേശം നൽകിയത്. മുൻപു വിറ്റ കാറുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
കോഴിക്കോട് തൊണ്ടയാട് ഉള്ള റോഡ് വെയ്സ് കാർ ഷോറൂമിലും പരിശോധന നടത്തി. ഒരു മണിക്കൂറോളം നീണ്ട റെയ്ഡിൽ കാറുകളും രേഖകളും പരിശോധിച്ചു. ഇത് കൂടാതെ മുക്കത്തെ രണ്ട് ഷോറൂമുകളിലും റെയ്ഡ് നടത്തി. പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്ന് കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസിന്‍റെ കാർഗോ കോംപ്ലക്സിൽ എത്തിച്ചു.