സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സൈബർ ആക്രമണവും അപവാദപ്രചരണവും നടത്തിയെന്ന കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഫേസ്ബുക്കിൽ കൊണ്ടോട്ടി അബു എന്ന് പേരുള്ള യാസിറിനെയും കേസില്‍ പ്രതിചേർത്തു.
അപവാദപ്രചരണത്തിനെതിരെ കെ.ജെ.ഷൈൻ നൽകിയ പരാതിയിലെ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. എന്നാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഗോപാലകൃഷ്ണന്റെ വടക്കൻ പറവൂർ കെടാമംഗലത്ത് വീട്ടിൽ എറണാകുളം റൂറൽ സൈബർ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോപാലകൃഷ്ണന്റെ ഫോൺ പിടിച്ചെടുത്തു. ഈ ഫോൺ ഉപയോഗിച്ചാണ് കെ.ജെ.ഷൈനിനെതിരെ ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് നിഗമനം.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഗോപാലകൃഷ്ണന് നോട്ടീസ് നൽകി. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഫേസ്ബുക്കിൽ കൊണ്ടോട്ടി അബു എന്നറിയപ്പെടുന്ന യാസിറിനെ മൂന്നാം പ്രതിയാക്കി.