sir-election

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. സാവകാശം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സാവകാശം തേടിയത്.  വിവിധ രാഷ്ട്രീയ പാർട്ടികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യം ഉന്നയിച്ചിരുന്നു. 

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം പാടില്ല എന്നാണ് ഇടത് നിലപാടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. വോട്ടവകാശം സംരക്ഷിക്കുന്നതിന് ജനങ്ങള്‍ നല്ല രീതിയില്‍ ജാഗ്രത പുലര്‍ത്തണം. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസറുടെ നിലപാടില്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ടുളള മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തീരുമാനം ന്യായമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.