വിവാദങ്ങൾക്കൊടുവിൽ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിൽ നിന്ന് തിരിച്ചെത്തിച്ചു. കേടുപാടുകളെ തുടർന്ന് വീണ്ടും സ്വർണ്ണം പൂശിയാണ് എത്തിച്ചത്. കോടതി അനുമതി വാങ്ങി ശില്‍പങ്ങളിൽ തിരികെ സ്ഥാപിക്കും.
ഓണക്കാല പൂജ കഴിഞ്ഞ് നടയടച്ച കഴിഞ്ഞ ഏഴാം തീയതിയാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ ചെമ്പു പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. തന്നെയോ കോടതിയേയോ അറിയിച്ചിട്ടില്ലെന്ന് കാട്ടി സ്പെഷൽ കമ്മിഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് നൽകി. ഇതോടെയാണ് വിവാദമായത്. പഴയ സ്വർണം പൂർണമായും ഉരുക്കി വീണ്ടും സ്വർണ്ണം പൂശിയാണ് പണിതീർത്തത്. നിലവിൽ സന്നിധാനത്തെ ദേവസ്വം സ്ട്രോങ്ങ് റൂമിലാണ് ലോഹ പാളികൾ ഉള്ളത്. കന്നിമാസം അഞ്ചാം തീയതി ലോഹ പാളികൾ തിരികെ സ്ഥാപിച്ചു ശുദ്ധിക്രിയ നടത്താനായിരുന്നു തീരുമാനം.
ഇനി തന്ത്രിയുടെയും കോടതിയുടെയും അനുമതി വാങ്ങിയ ശേഷമാകും പുനസ്ഥാപിക്കൽ. കന്നിമാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി നടയടച്ചാൽ തുലാമാസ പൂജയ്ക്കായി ഒക്ടോബർ 16 ന് വീണ്ടും നട തുറക്കും. ആ സമയത്താകും പുനസ്ഥാപിക്കൽ. ദ്വാരപാലക ശില്പങ്ങൾക്കായി താൻ സമർപ്പിച്ച രണ്ട് സ്വർണ്ണപീഠങ്ങൾ കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആരോപിച്ചിരുന്നു. ഇത് ദേവസ്വം വിജിലൻസ് എ. സ്പിയും തിരുവാഭരണ കമ്മിഷണറും ചേർന്ന് അന്വേഷിക്കും. 2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിലും ഇതിൻറെ തൂക്കം കുറഞ്ഞതിലും അടക്കം സംശയങ്ങൾ ഉന്നയിച്ച ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.