രാജ്യത്തെ ജി എസ് ടി നിരക്ക് മാറ്റങ്ങളിൽ കുട്ടികൾക്കും സന്തോഷിക്കാൻ വകയുണ്ട്. 12% ഉണ്ടായിരുന്ന ജിഎസ്ടി പൂർണ്ണമായും എടുത്തു കളഞ്ഞതോടെ നോട്ട്ബുക്ക് അടക്കമുള്ള പഠനോപകരണങ്ങളുടെ വില കുറയും.
12% ജിഎസ്ടിയാണ് നോട്ട് ബുക്ക്, ഗ്രാഫ് ബുക്ക്, പെൻസിൽ, പെൻസിൽ ഷാർപ്നേർ, ക്രയോൺസ്, ഭൂപടം, ഗ്ലോബുകൾ എന്നിവയ്ക്ക് നേരത്തെ ഉണ്ടായിരുന്നത്. ഇറേസറിന് അഞ്ച് ശതമാനം ജിഎസ്ടിയും. പുതിയ നികുതി പരിഷ്കാരത്തോടെ, ഈ പഠനോപകരണങ്ങളുടെ വിലയിൽ പ്രത്യക്ഷമായ മാറ്റം ഉണ്ടാകും. 32 രൂപ വിലയുള്ള ഒരു നോട്ട്ബുക്കിന് നാല് രൂപയോളം കുറഞ്ഞ് 28 രൂപയാകും. 15 രൂപയുടെ ഗ്രാഫ് ബുക്ക് 13 രൂപയ്ക്ക് ലഭിക്കും. പെന്സിലിനും ഇറേസറിനും പെൻസിൽ ഷാർപ്പറനറിനും 50 പൈസ മുതൽ ഒരു രൂപ വരെ കുറഞ്ഞേക്കാം. ക്രയോൺസ് മുതലായ ചായപെൻസലുകൾക്ക് നിലവിലെ വിലയിൽ നിന്ന് നാല് രൂപ മുതൽ കുറയും. 75 രൂപ വിലയുള്ള ഭൂപടം 65 രൂപയ്ക്കും 200 രൂപ വിലയുള്ള ഗ്ലോബ് 170 രൂപയ്ക്കും പുതിയ നികുതി നിരക്ക് അനുസരിച്ചു വിൽക്കാൻ ആകും എന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ. എങ്കിലും, പേപ്പർ മുതലായ പഠനോപകരണങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ ജിഎസ്ടി മാറാത്തതിനാൽ കമ്പനികൾ വില കുറയ്ക്കുന്നതിന് തടസ്സം ആകുമോ എന്ന് സംശയമുണ്ട്.
ഓരോ ഇനത്തിന്റെയും വില വ്യത്യാസം ചെറുതായി തോന്നാമെങ്കിലും, വാർഷിക കണക്ക് പരിഗണിക്കുമ്പോൾ മാറ്റം പ്രകടമാണ്. അടുത്ത അധ്യയന വർഷം, ഒരുമിച്ചു പഠനോപകരണങ്ങൾ വാങ്ങുമ്പോൾ ഈ വില വ്യത്യാസം രക്ഷിതാക്കൾക്ക് ശരിക്കും ആശ്വാസമാകും. ഇക്കാലളവിനുള്ളിൽ, മറ്റെന്തെങ്കിലും കാരണം പറഞ്ഞ് കമ്പനികൾ വില കൂട്ടിയില്ലെങ്കിൽ അടുത്തവർഷം കുട്ടികളും ഹാപ്പി രക്ഷിതാക്കളും ഹാപ്പി.