ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും, ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കി സർക്കാർ. എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും ഒരേവേദിയിൽ അണിനിരത്താനായത് നേട്ടമായി. ചർച്ചകളിൽ പങ്കാളിത്തം തീരെക്കുറഞ്ഞത് സംഘാടകർക്ക് ക്ഷീണവുമായി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരിൽ സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം ആദ്യമെ കണ്ടു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വന്നിറങ്ങിയത് ഒരു സ്റ്റേയ്റ്റ്മെന്റായായി കാണാം. വേദിയിൽ എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ആ സ്റ്റേറ്റ്മെന്റിന് അടിവരയിട്ടു.
ചില അനാവശ്യ നിർമിതികൾ പൊളിക്കണമെന്നതിൽ കൂടുതൽ ഭേദഗതികൾ നേരത്തേ തയ്യാറാക്കിയ ശബരിമല മാസ്റ്റർ പ്ലാനിൽ വരുത്താനുണ്ടായില്ല. ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിത ബുദ്ധി ഉപയോഗിക്കണമെന്നതായിരുന്നു തിരുമാനങ്ങളിൽ മറ്റൊന്ന്. എല്ലാം മുന്നോട്ടുകൊണ്ടുപോകാൻ 18 അംഗ സമിതി രൂപീകരിച്ച് സംഗമം പിരിഞ്ഞു. ചില പദ്ധതികൾ ഏറ്റെടുക്കാൻ ചിലർ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി.