സിപിഎം എംഎൽഎമാർക്കും വനിതാ നേതാവ് കെ.ജെ.ഷൈനിനുമെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം.ഷാജഹാനെയടക്കം ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഷൈനിന് പുറമെ നാല് എംഎൽഎമാരും പരാതിനൽകിയതോടെ കേസിൽ അറസ്റ്റുണ്ടായേക്കും. വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനും മുനമ്പം ഡിവൈഎസ്പിക്ക് മൊഴി നൽകി.
വനിത കെ.ജെ ഷൈനിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ ഒന്നാം പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഒളിവിലാണ്. മൊബൈൽ റിങ് ചെയ്യുന്നുണ്ടെങ്കിലും വീട്ടിലില്ല.
സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ അക്കൗണ്ടുകൾ സംബന്ധിച്ച് പൊലീസ് മെറ്റയിൽ നിന്ന് വിവരങ്ങൾ തേടി. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ തുടരുന്നതിനിടെ സംസ്കാരത്തെ പറ്റിയുള്ള നെഹ്റുവിന്റെ വാക്കുകൾ ചേർത്തുപിടിച്ചായിരുന്നു കെ.ജെ ഷൈനിന്‍റെ പ്രതികരണം. തനിക്കെതിരെ പ്രചാരണം നടത്തിയ ഗോപാലകൃഷ്ണനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തെയും ഷൈൻ തള്ളിപ്പറഞ്ഞു.
കെ. എൻ ഉണ്ണികൃഷ്ണന് പുറമെ എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎമാരായ പി.വി ശ്രീനിജൻ, കെ.ജെ മാക്സി, ആന്‍റണി ജോൺ എന്നിവരും യുട്യൂബർ കെ.എം ഷാജഹാനെതിരെ അപവാദ പ്രചരണത്തിന് പരാതി നൽകി. യുട്യൂബ് ചാനലിലൂടെ തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന ഷാജഹാൻ നേരത്തെ തന്നെ നോട്ടപുള്ളിയാണ്.