TOPICS COVERED

രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി തോടിനു കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അമ്മയുടെ കാല്‍ കുടുങ്ങി. തോട്ടിലേക്കു തെറിച്ചുവീണ് 150മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ തോട്ടില്‍ച്ചാടി രക്ഷപ്പെടുത്തി അയല്‍വാസികള്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡ് തെക്കുപുറം–മല്ലിശേരി റോഡില്‍ തെക്കുപുറം ഭാഗത്താണ് സംഭവം.

മാഞ്ഞൂര്‍ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടില്‍ ജോമോന്‍ മാത്യുവിന്റെ ഭാര്യ അംബികയ്ക്കാണ് അയല്‍വാസികളായ തെക്കുപുറം സലിംകുമാര്‍, ഞാറക്കാട്ട് ജോബി എന്നിവരുടെ അവസരോചിത ഇടപെടലില്‍ മകന്‍ ആരോണിനെ തിരിച്ചുകിട്ടിയത്. അംബികയും കുഞ്ഞും വാരിശേരിയിലുള്ള സ്വന്തം വീട്ടില്‍ നിന്നും മാഞ്ഞൂരിലുള്ള ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു. ഗണപതിത്തോടിനു കുറുകെയുള്ള തടിപ്പാലം കടന്നുവേണം വീട്ടിലെത്താന്‍. 

പാലത്തിനു സമീപം വരെ കാറില്‍ വന്ന ശേഷമാണ് അംബിക തടിപ്പാലത്തില്‍ കയറിയത്. ദ്രവിച്ച രണ്ടു തെങ്ങിന്‍ തടികളില്‍ പലകയടിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിനു നടുവിലെത്തിയപ്പോള്‍ പലക തകര്‍ന്ന് അംബികയുടെ കാല്‍ തെങ്ങിന്‍തടികള്‍ക്കിടെയില്‍ കുടുങ്ങി. ഈ സമയം കുഞ്ഞ് തെറിച്ചു തോട്ടിലേക്കുവീണു. 

തോട്ടില്‍ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തില്‍ ഉണ്ടായിരുന്ന സലിംകുമാറും ജോബിയും ഓടിയെത്തി തോട്ടില്‍ ചാടിയത്. ആ സംഭവമുണ്ടാക്കിയ ഭീതി ഇപ്പോഴും അംബികയുടെ മുഖത്ത് നിഴലിച്ചുകാണാം. 

ENGLISH SUMMARY:

Infant Rescue is the main focus of this article. A two-month-old baby was rescued after falling into a stream when a wooden bridge collapsed under the mother's feet.