യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിനു വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിന്‍റെ വികസന സദസുമായി സഹകരിക്കണമെന്ന് നിര്‍ദേശം നല്‍കി മുസ്‌ലീം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി നിര്‍ദേശം നല്‍കിയത് വിവാദത്തിലായി. വിഷയം ചര്‍ച്ചയായതോടെ ജില്ല നേതൃത്വം തീരുമാനം തിരുത്തി.
തദ്ദേശസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന വികസന സദസുമായി സഹകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് നേതൃത്വം തീരുമാനം എടുത്തിരുന്നു. കണ്‍വീനര്‍ അടൂര്‍ പ്രകാശ് കത്തയക്കുകയും ചെയ്തു. ഈ തീരുമാനം വന്നതിനു ശേഷമാണ് വികസന സദസ് മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്ന് മുസ്‌ലീം ലീഗ് നേതൃത്വം താഴെ ഘടകങ്ങള്‍ക്ക് കത്തു നല്‍കിയത്. സര്‍ക്കാര്‍ ചിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുളള അവസരമാണിതെന്നു ജില്ല സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് നല്‍കിയ കത്തിലുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന യു.ഡി.എഫ് നേതൃത്വം എടുത്ത തീരുമാനത്തിനെതിരെ മുസ്‌ലീംലീഗ് ജില്ല നേതൃത്വം നിലപാട് എടുത്തത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍ പറഞ്ഞു.
വിവാദമായതോടെ മുസ്‌ലീം ലീഗ് ജില്ല നേതൃത്വം തീരുമാനം തിരുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന സദസില്‍ മുസ്‌ലിം ലീഗ് ഭാഗമാവില്ലെന്നും സ്വന്തം നിലയ്ക്ക് വികസന സദസുകള്‍ സംഘടിപ്പിക്കുമെന്നും പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരിന്‍റെ വികസന സദസുമായി സഹകരിക്കാനുളള ലീഗിന്‍റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു.