kj-shine-cyber-attack-congress

TOPICS COVERED

കെ.ജെ. ഷൈനെതിരായ  സൈബര്‍ ആക്രമണത്തില്‍ കെ.എം.ഷാജഹാനെതിരെ പരാതി നല്‍കി  എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എമാര്‍ . മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്.  കോതമംഗലം എംഎല്‍എ ആന്റണി ജോൺ, കൊച്ചി എംഎല്‍എ കെ.ജെ. മാക്സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിൻ എന്നിവരാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ അപകീർത്തികരമായ പരാമർശം നടത്തി എന്നാണ് പരാതി. ഡിജിപി ക്കും നേര‌ത്തെ പരാതി നൽകിയിരുന്നു.

അതേസമയം, കെ.ജെ.ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്. തനിക്കെതിരായ അപവാദപ്രചാരണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പങ്കുണ്ടെന്ന് ഷൈന്‍ ആരോപിച്ചു. സി.പി.എമ്മിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു.  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് കെ.എന്‍.ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെയും നിലപാട്. സ്ത്രീതത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന വകുപ്പുള്‍പ്പെടുത്തി ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബര്‍ കെ.എം.ഷാജഹാന്‍ , പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ ഇവര്‍ക്കെതിരെയാണ് കേസ്. പറവൂരിലെ വീട്ടിലെ മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 

ആരോപണങ്ങൾക്കും, അപവാദപ്രചരണങ്ങൾക്കുമിടയിൽ ആത്മവിശ്വാസത്തോടെയാണ് ഭർത്താവിനൊപ്പം, കെ.ജെ.ഷൈൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഷൈന്‍ ആരോപിച്ചു. സൈബറിടത്തെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ഭർത്താവ് ഡൈന്യൂസും പ്രതികരിച്ചു. പറവൂര്‍ കേന്ദ്രീകരിച്ചുണ്ടായ വിവാദത്തിന് പിന്നില്‍ താനാണെന്ന ആരോപണത്തെ വി.ഡി.സതീശന്‍ പരിഹസിച്ചു.അതേസമയം കെ.ജെ.ഷൈനിനെ പോലെ പ്രതിപക്ഷ നേതാവിനെ പ്രതിക്കൂട്ടിൽ നിർത്താൻ കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ തയ്യാറായില്ല. കെ.ജെ.ഷൈനിന്റെ പേര് പറഞ്ഞ് താൻ പോസ്റ്റിട്ടിട്ടില്ലെന്ന്, ആരോപണ വിധേയനായ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

​അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശമുണ്ടെങ്കില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ചടുലമായി നീങ്ങാന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

In connection with the cyber attack against K.J. Shine, CPM MLAs from Ernakulam district filed a complaint against K.M. Shajahan to the Chief Minister and the DGP. The complaint was submitted by Kothamangalam MLA Antony John, Kochi MLA K.J. Maxi, and Kunnathunad MLA P.V. Srinijin. According to the complaint, Shajahan made defamatory remarks through his YouTube channel. A complaint had earlier been submitted to the DGP as well.