അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്നത് കണക്കിലെടുത്ത് സമരക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. ശുചീകരിക്കാത്ത വെള്ളം സമരക്കാര്‍ക്ക് നേരെ പ്രയോഗിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടി.
കുളത്തിലും ആറ്റിലുമൊക്കെ കുളിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. അമീബയുടെ പിടിയില്‍പെടാതിരിക്കാന്‍ ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്ന ഉപദേശമാണ്. ഇനി സര്‍ക്കാരിന്‍റെ പൊലീസ് സമരക്കാരെ കുളിപ്പിക്കുന്നത് കാണാം. നാട്ടിലെവിടെ സമരം നടന്നാലും പൊലീസിന്‍റെ ആദ്യപ്രതിരോധം ജലപീരങ്കിയാണ്. പീരങ്കിയില്‍ നിന്ന് തെറിച്ച് വരുന്ന വെള്ളത്തില്‍ സമരക്കാര്‍ അടിമുടി കുളിക്കും. ചീറ്റിത്തെറിച്ച് വരുന്ന വെള്ളത്തിന്‍റെ നിറമൊന്ന് നോക്കിയാല്‍ മതി. ഭയംവേണ്ട ജാഗ്രത മതിയെന്ന് പറയുന്നവര്‍ പോലും ഭയപ്പെട്ട് പോകും.
തിരുവനന്തപുരത്ത് ജലഅതോറിറ്റിയില്‍ നിന്നാണ് വെള്ളമെടുക്കുന്നതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. മറ്റ് ജില്ലകളിലും അങ്ങിനെയാണെന്ന് പറയുമെങ്കിലും പലപ്പോഴും കുളങ്ങളും കായലുകളുമൊക്കെ ആശ്രയിക്കാറുണ്ടെന്നതാണ് സത്യം. ഒരു സമരം കഴിഞ്ഞാലുടന്‍ വെള്ളം നിറയ്ക്കും. അടുത്ത സമരം വരെ വെള്ളം ഇരുമ്പ് വണ്ടിക്കുള്ളില്‍ കിടക്കും. അങ്ങിനെ ആഴ്ചകളോളം പഴകിയ, ക്ളോറിനേഷന്‍ പോലും നടത്താത്ത വെള്ളമാണ് സമരക്കാരുടെ തലയിലേക്ക് ചീറ്റിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈ പ്രതിരോധ മാര്‍ഗം മാറ്റി പൊലീസ് മറ്റ് രീതികള്‍ സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.