കർഷകനും കലാകാരനുമാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹരിതമിത്രം കെ.പി. ശുഭകേശൻ. സർക്കാർ ജോലി കിട്ടിയിട്ടും കൃഷിയോടുള്ള സ്നേഹം കൊണ്ട് അത് വേണ്ടെന്ന് വച്ചയാൾ. കഞ്ഞിക്കുഴി പയർ എന്ന അത്യുൽപാദന ശേഷിയുള്ള ഇനം കണ്ടു പിടിച്ചതും ശുഭകേശനാണ്. തോട്ടത്തിൽ നിന്ന് തന്നെ പച്ചക്കറി പറിച്ചെടുത്ത് ഉപഭോക്താക്കൾക്ക് കൊണ്ടു പോകാം.
ഓണം കഴിഞ്ഞിട്ടും ദേശീയ പാതയോരത്തെ ശുഭകേശന്റെ കൃഷിയിടത്തിൽ ബന്ദിയും ജമന്തിയും വർണക്കാഴ്ചയൊരുക്കുകയാണ്. ഒപ്പം പച്ചക്കറികളും. പത്താം വയസിൽ വീട്ടിലെ രണ്ടു സെൻ്റ് സ്ഥലത്ത് കൃഷിചെയ്യാൻ തുടങ്ങിയതാണ്. കഞ്ഞിക്കുഴിയുടെ വിവിധ ഭാഗങ്ങളിലായി 21 ഏക്കറിലധികം സ്ഥലത്താണ് ഇപ്പോൾ ശുഭകേശൻ്റെ പച്ചക്കറി കൃഷി. 17 ഇനം പച്ചക്കറികളാണ് ഇത്തവണ ഓണക്കാലത്ത് കൃഷി ചെയ്തത്. പടവലം മാത്രം മാത്രം1000 കിലോ വിറ്റു.
കഞ്ഞിക്കുഴി പയർ എന്ന വിഖ്യാത ഇനം കണ്ടു പിടിച്ചത് ശുഭകേശനാണ്. ലിമാ ബിൻ- വെള്ളായണി ലോക്കൽ എന്നിവ പരാഗണം നടത്തിയാണ് 1994 ൽ ഈ ഇനം ഉൽപാദിപ്പിച്ചത്. കെ.എസ്. ഇ.ബിയിൽ മസ്ദൂർ ആയി ജോലികിട്ടിയിട്ടും കൃഷിയോടുള്ള ഇഷ്ടം കാരണം പോയില്ല. മൃദംഗ വാദകൻ കൂടിയായ ശുഭകേശൻ കൃഷിയും കലയും ഒന്നിച്ചു കൊണ്ടു പോകുന്നു. പച്ചക്കറി തോട്ടം ഒരുക്കുന്നതിന് ശുഭ കേശൻ്റെ സഹായം വിവിധ സ്കൂളുകൾ തേടുന്നു. എം.ജി. സർവകലാശാലയിൽ ക്ലാസെടുക്കാനും പോകുന്നു
തോട്ടത്തിൽ നിന്ന് തന്നെ ആവശ്യക്കാർക്ക് പച്ചക്കറി വാങ്ങാം. ദേശീയ പാതയോരത്ത് ജൈവ പച്ചക്കറി വിൽപനശാലയിലും പച്ചക്കറികൾ കിട്ടും. വിത്ത് ഉൽപാദനവും വിപണനവും ഇതിനൊപ്പം തന്നെയുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്താണ് ശുഭകേശൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്.
മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിൻ്റ പുരസ്കാരം നാലു തവണയും കേന്ദ്ര പുരസ്കാരം ഒരു തവണയും കിട്ടി. ജസ്റ്റീസ്.പി. സദാശിവം ഗവർണറായിരുന്നപ്പോൾ രാജ്ഭവനിൽ വിളിച്ചു വരുത്തി ആദരിച്ചു. കൃഷിയിടത്തിൽ നിറഞ്ഞു നിൽക്കുന്ന പൂക്കൾ വിജയദശമിയോടനു ബന്ധിച്ച് വിൽപന നടത്താനാണ് ശുഭകേശൻ്റെ ആലോചന.