roy-pressure
  • സി.ജെ. റോയ് 6 മാസമായി സമ്മര്‍ദത്തില്‍
  • നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു
  • ഇടപാടുകളുടെ സ്രോതസ് വെളിപ്പെടുത്താനായില്ല?

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയ് ആറു മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. 

 

കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം. പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. 

 

കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ ബെംഗളൂരു നഗരത്തിൽ തുടരുകയാണെന്നും സൂചനയുണ്ട്. 30ന് നടന്ന പരിശോധനയിൽ‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നു പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

 

റോയ്‌യുടെ മരണശേഷം 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. വിദേശ നിക്ഷേപങ്ങളിലടക്കം തിരിച്ചടി നേരിട്ടിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാണ്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചും മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളടക്കമുള്ള കുറിപ്പാണ് ലഭിച്ചത്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നുണ്ട്. ഐടി ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ചോദ്യംചെയ്യലിനിടെ ഐടി ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. 

ENGLISH SUMMARY:

Confident Group Chairman C.J. Roy was found dead after facing severe mental stress for six months, according to documents recovered by the investigation team. Despite no debt, he had accepted investments from political leaders and film personalities for his real estate projects in Dubai and Kerala.