കേരളത്തില്‍ ആര്‍എസ്എസിന്‍റെ സ്വാധീനശേഷി വര്‍ധിപ്പിക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് നേരിട്ട് സംവാദ പരിപാടിയില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നടത്തിയതിന് സമാനമായ സംവാദത്തിലേയ്ക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ ആര്‍എസ്എസിനെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കി അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ആര്‍എസ്എസ് രൂപീകരണത്തിന്‍റെ നൂറാം വര്‍ഷത്തില്‍ സംഘടനയുടെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാനും സ്വാധീനശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംവാദ പരിപാടി. ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ നിയമവിദഗ്ധരും നയതന്ത്രരംഗത്തുള്ളവരും രാഷ്ട്രീയനേതാക്കളും അടക്കം പ്രമുഖര്‍ പങ്കെടുത്തിരുന്നു. കേരളത്തിലും സമാനമായ രീതിയില്‍ ഡിസംബറില്‍ മോഹന്‍ ഭാഗവത് നേരിട്ട് സംവാദ പരിപാടിയില്‍ പങ്കെടുക്കും. ഡിസംബര്‍ 7ന് തൃശൂരിലും 8ന് തിരുവനന്തപുരത്തുമാണ് പരിപാടി. മൂന്ന് മണിക്കൂര്‍ വീതമുള്ള സംവാദത്തിലേയ്ക്ക് മതനേതാക്കള്‍ അടക്കം പ്രമുഖരെ പങ്കെടുപ്പിക്കും. ആര്‍എസ്എസ് രൂപീകരണത്തിന്‍റെ നൂറാം വര്‍ഷവുമായി ബന്ധപ്പെട്ടുള്ള സംവാദമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ബിജെപിയുടെ ഭാവി ലക്ഷ്യങ്ങള്‍ക്ക് ഉള്‍പ്പെട്ടെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തില്‍ ബിജെപി സജീവമായി ഇടപെട്ടതില്‍ അതൃപ്തിയില്ലെന്ന് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം പറയുന്നു. സംഘടിത മതപരിവര്‍ത്തന വിഷയത്തില്‍ ആശങ്കകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബിജെപിയുമായി വൈരുധ്യമില്ലെന്നും രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ട ബാധ്യതയുണ്ടെന്നും ആര്‍എസ്എസ് നേതൃത്വം സൂചിപ്പിക്കുന്നു.