തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണ ക്ഷാമം രൂക്ഷം. ശസ്ത്രക്രിയകൾ ഗുരുതര പ്രതിസന്ധിയിലെന്ന് കാട്ടി കാർഡിയോളജി വിഭാഗം മേധാവി, ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമെന്നും കത്തിലുണ്ട്. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശ്ശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു. 29 കോടി 56 ലക്ഷം രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് നൽകാനുള്ളത്. HLL-ൽ നിന്ന് ഉപകരണങ്ങൾ എത്തിക്കാൻ ശ്രമം നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ സ്വന്തം ചെലവിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകേണ്ട ദുരവസ്ഥയെക്കുറിച്ച് ഡോ. ഹാരിസിന്റെ ആരോപണം ശരിവച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ. പഞ്ഞി പോലും വാങ്ങിക്കൊണ്ട് ചികിത്സക്ക് പോകേണ്ട ഗതികേടിലാണ് രോഗികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംവാദത്തിന് ആരോഗ്യ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾ പോലും ചികിത്സക്ക് സ്വന്തം പണം ചെലവാക്കേണ്ട സാഹചര്യം ഗൗരവമായി തന്നെയാണ് കാണുന്നതെന്നും ഇത് സർക്കാർ നയമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദഗ്ധ സമിതി റിപ്പോർട്ടും മന്ത്രിസഭയിൽ വെച്ചു. ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 80 കോടി 66 ലക്ഷം തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രം നൽകിയെന്ന് മന്ത്രി പറഞ്ഞു.