രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസില്‍ നടി റിനിയെ പരാതിക്കാരിയാക്കാനാവില്ലെന്ന് നിയമോപദേശം. നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാല്‍, റിനിയെ സാക്ഷിയാക്കാനാണ് ആലോചന. അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകള്‍ ദുര്‍ബലമെന്നും നിയമോപദേശം. രാഹുല്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് റിനി മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ മൂന്നരവര്‍ഷം മുന്‍പാണ് രാഹുലുമായി പരിചയത്തിലായതെന്നും, ആദ്യം മുതലേ ഇദ്ദേഹം അശ്ലീല മെസേജാണ് സെന്‍ഡ് ചെയ്തതെന്നും റിനി വെളിപ്പെടുത്തിയിരുന്നു. ഇനിയും ശല്യപ്പെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയൂവെന്നായിരുന്നു മറുപടിയെന്നുമെന്ന് റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.
താന്‍ പലതവണ രാഹുലിനോട് ദേഷ്യപ്പെട്ടെന്നും, ഉപദേശിച്ചിട്ടും ഫലമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ ഇതിലും വലിയ സ്ത്രീപീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയനേതാക്കന്‍മാര്‍ക്ക് ഇവിടെ എന്തു സംഭവിച്ചു എന്നായിരുന്നു യുവനേതാവിന്റെ മറുപടി. ഒരു ദിവസം ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടു, അന്ന് ക്ഷുഭിതയായി സംസാരിച്ചു, അതിനു ശേഷം കുറച്ചുകാലത്തേക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും റിനി പറയുന്നു.
യുവനേതാവിന്റെ സ്വഭാവത്തെക്കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ ‘അതവന്റെ കഴിവ്’ എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു. ഈ മറുപടി പറഞ്ഞ നേതാക്കന്‍മാരുടെ പേരും തല്‍ക്കാലം പറയുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.