പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വിവിധ കാര്യങ്ങളില്‍ സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ലഭിച്ച നിവേദനങ്ങള്‍ എംഎല്‍എ റവന്യു മന്ത്രിക്ക് കൈമാറി. എംഎല്‍എയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പും ആക്ടീവായി. മാത്രമല്ല ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. നേരത്തേ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പഴയത് പോലെ ഇടപെട്ടിരുന്നില്ല രാഹുല്‍ മാങ്കൂട്ടത്തില്‍.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തിനിരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയും ഒപ്പംമുള്ള മന്ത്രിമാരും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടല്ലോ എന്നും അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ.
അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎല്‍എമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ? – രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പൊലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സഭയില്‍ ദീര്‍ഘമായ ചര്‍ച്ചയാണ് നടന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതലയൊഴിയണമെന്നും ഇതുപോലെ മിണ്ടാതിരുന്ന മുഖ്യമന്ത്രി വേറെയുണ്ടോയെന്നും സതീശന്‍ ചോദ്യമുയര്‍ത്തി. താന്‍ ജീവിച്ചത് സ്റ്റാലിന്‍റെ റഷ്യയില്‍ അല്ലെന്നും നെഹ്റുവിന്റെ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയത്. അത് സ്റ്റാലിനെ അനുകരിച്ചാണോ എന്നറിയില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ ആളുകളെ ലോക്കപ്പില്‍ ഇടിച്ചിടിച്ച് കൊല്ലുന്ന അവസ്ഥയുണ്ടായില്ലേ? ലോക്കപ്പില്‍ നിന്നിറക്കി വെടിവച്ചു കൊന്നില്ലേ? എന്നും മുഖ്യമന്ത്രി ചോദിച്ചു.