പാരമ്പര്യ നെൽക്കർഷകൻ ചെറുവയൽ രാമന്‍റെ വീട് സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതിനു പിന്നാലെ വയനാട് എംപി പ്രിയങ്കാ ഗാന്ധിക്ക് നേരെ സൈബറാക്രമണം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പ്രിയങ്ക ചെറുവയൽ രാമന്റെ എടവക കമ്മനയിലെ വീട്ടിലെത്തിയത്. രാമന്റെ വിത്തുശേഖരവും കൃഷിയിടവും കണ്ടു വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. രാമനൊപ്പം പാടവരമ്പിലൂടെ നടക്കുകയു നാടന്‍ പാട്ട് കേള്‍ക്കുകയും പരമ്പരാഗത ഗോത്രവിഭാഗത്തിന്റെ ആയുധമായ അമ്പും വില്ലും പരിചയപ്പെടുന്നതിന്‍റെയും ദൃശ്യങ്ങളായിരുന്നു പ്രിയങ്ക പങ്കുവച്ചത്. പിന്നാലെയാണ് സൈബര്‍ ആക്രമണം.
പി.ആര്‍ വര്‍ക്കാണെന്നും ഫോട്ടോ ഷൂട്ട് ആണെന്നും ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്‍റുകള്‍ വന്നു. വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരും കുടുംബവും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന ദാരുണമായ സംഭവങ്ങൾ നടന്നിട്ടും വയനാട് എംപി ഫോട്ടോഗ്രാഫറുമായി നാട് ചുറ്റുന്നു എന്നും കടുത്ത വിമര്‍ശനമുയര്‍ന്നു. പ്രിയങ്കയെ മാത്രമല്ല രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. അതേസമയം, പ്രിയങ്കയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം കടുക്കവേ രാഷ്ടീയം തത്ക്കാലം മാറ്റി വക്കുക, ഇത്രയധികം അർത്ഥതലങ്ങളുള്ള ഹൃദയസ്പർശിയായ മറ്റൊരു ചിത്രം ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്ന് കുറിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി മുന്‍ വി.സിയുമായ ബി.ഇക്ബാല്‍ രംഗത്തെത്തി.
‘രാഷ്ടീയം തത്ക്കാലം മാറ്റി വക്കുക. പത്മശ്രീ പുരസ്കാര ജേതാവും ആദിവാസി കർഷകനുമായ ചെറുവയൽ രാമനും പ്രിയങ്ക ഗാന്ധി എം പിയും പാടവരമ്പത്ത് കൂടി നടക്കുന്നു. ഇത്രയധികം അർത്ഥതലങ്ങളുള്ള ഹൃദയസ്പർശിയായ മറ്റൊരു ചിത്രം ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനിടെ പ്രിയങ്ക എംഎൻ കാരശേരി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിനെതിരെയും സൈബര്‍ ആക്രമണമുണ്ടായി. എന്നാല്‍ തനിക്കെതിരായ സൈബർ ആക്രമണങ്ങളെ ശ്രദ്ധിക്കാറുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കും. തോറ്റവന്‍റെ ആയുധമായേ അധിക്ഷേപങ്ങളെ കാണുന്നുള്ളുവെന്നും കാരശേരി പറഞ്ഞു.
‘ചെറുവയൽ രാമൻ ജിയുമായി അർഥവത്തായ സംഭാഷണം നടത്തി. ഒരു കർഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അനുഭവങ്ങളിൽ നിന്നും കൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചകളിൽ നിന്നും ധാരാളം പഠിച്ചു' എന്ന് കുറിച്ച് പ്രിയങ്ക തന്നെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നു. പ്രിയങ്ക എത്തിയതറിഞ്ഞു ബന്ധുക്കളും അയൽക്കാരുമെല്ലാം രാമന്റെ വീട്ടിലെത്തുകയും ചെയ്തു. 3 മണിക്കൂറോളമാണ് പ്രിയങ്ക രാമനൊപ്പം ചെലവഴിച്ചത്. സ്നേഹത്തോടെയാണ് പ്രിയങ്ക ഇടപെട്ടതെന്നും ഒരു മകൾ പിതാവിനു നൽകുന്ന സ്നേഹമാണു നല്‍കിയതെന്നും രാമനും പ്രതികരിച്ചിരുന്നു.