മൂന്ന് വർഷത്തിനുശേഷം എൻഡോസൾഫാൻ സെൽ മീറ്റിംഗ് നടത്തി മന്ത്രി മുഹമ്മദ് റിയാസ്. ഏറെ നാളത്തെ ആവശ്യത്തിനോടുവിൽ ഓൺലൈനായി ചേർന്ന യോഗം വഴിപാടായിരുന്നുവെന്ന് സെൽ അംഗങ്ങൾ. മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ ശേഷം സെൽ മീറ്റിംഗ് ചേരാത്തത് സംബന്ധിച്ച് മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള പ്രധാനപ്പെട്ട വേദിയാണ് സെൽ മീറ്റിംഗ്. മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ ശേഷം ഒരുതവണ മാത്രമായിരുന്നു മീറ്റിംഗ് നടന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ദുരിതബാധിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണ് ഇല്ലാതായത്. മുൻപുള്ള ചെയർമാൻമാരിൽ നിന്ന് വ്യത്യസ്തമായി മുഹമ്മദ് റിയാസ് വർഷങ്ങളായി മീറ്റിംഗ് ചേരുന്നില്ല എന്ന വാർത്ത മനോരമ ന്യൂസ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഓൺലൈനിൽ യോഗം നടന്നത്. എന്നാൽ യോഗം വഴിപാട് മാത്രമായിരുന്നുവെന്നും തങ്ങളെ കേട്ടില്ലെന്നും സെൽ മെമ്പർമാർ.
മീറ്റിങില്‍ നിന്ന് നേരിട്ട് നടപടികള്‍ സ്വീകരിക്കാനാകില്ല. പക്ഷേ നിർദ്ദേശങ്ങൾ കൃത്യമായി മന്ത്രിസഭ യോഗത്തിലുന്നയിക്കാന്‍ മന്ത്രിക്കാകുമായിരുന്നു. ഒപ്പം ജനങ്ങള്‍ക്ക് അവരെ കേള്‍ക്കുന്നുവെന്ന ആശ്വാസവും. റിയാസിന് മുന്‍പ് ചുമതലയിലുണ്ടായിരുന്നവരെല്ലാം രണ്ട് മാസത്തില്‍ ഒരിക്കല്‍ മീറ്റിങ് നടത്തിയപ്പോഴാണ് മന്ത്രി വർഷങ്ങളായി ദുരിതബാധരെ അവഗണിച്ചത്. മന്ത്രി വീണ ജോർജ് ചിഞ്ചു റാണി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.